ഐക്യകേരളം രൂപീകരിച്ചിട്ട് ഇന്ന് 69 വര്‍ഷം പൂര്‍ത്തിയാകുന്നു. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിക്കും.

ഇന്ന് കേരളപ്പിറവി. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വർഷം തികയുന്നു. ഭാഷാടിസ്ഥാനത്തില്‍ 1956 നവംബർ ഒന്നിനാണ് ഐക്യ കേരളം രൂപീകരിച്ചത്. അന്ന് മുതല്‍ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കുന്നത്. കേരളത്തിന് പുറമെ, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, കര്‍ണാടക, ആന്ധ്രപ്രദേശ്,ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളും ഇന്ന് രൂപീകരണ ദിനം ആഘോഷിക്കുന്നു.

കേരളപ്പിറവിയോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് സംസ്ഥാനത്ത് നടക്കുന്നത്. നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയൻ  ഇന്ന് നിയമസഭയില്‍ നടത്തും. മലയാളദിന ഭരണ ഭാഷാവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.  ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുഖ്യമന്ത്രി പിണറായി വി‌ജയനും കേരളപ്പിറവി ആശംസകൾ നേർന്നു.

കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത് നിര്‍വഹിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ശേഷം നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രത്യേക പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും.


Post a Comment

Previous Post Next Post