ഡ്രൈവർ പഴയ 'സിലബസ്' ആയിരുന്നു; പുതിയ KSRTC ബസോടിച്ചത് കൈയിലുള്ള ബ്രേക്കിനെക്കുറിച്ച് അറിയാതെ, പെരുവഴിയിലായി.

പുത്തൻ തലമുറ ബസുകൾക്ക് ഡ്രൈവറുടെ കൈയ്യിലും ബ്രേക്ക് ലിവർ വന്ന കാര്യം കെഎസ്ആർടിസിക്കാർ ഇനിയും അറിഞ്ഞിട്ടില്ല. ഇതറിയാതെ ബസ് ഓടിച്ച് വഴിയിലാക്കുകയും ചെയ്തു‌. കൊല്ലം ഡിപ്പോയ്ക്ക് നൽകിയ ലിങ്ക് ബസാണ് കഴിഞ്ഞ മാസം 29ന് കുമളിയിൽവച്ച് കേടായത്. വീൽ അമിതമായി ചൂടായി ബ്രേക്ക് ലൈനർ കത്തി പുകവന്നു. പുതിയ ബസ്സാണെങ്കിലും സ്ഥിരമായി തകരാറിലാകുന്നുവെന്നായിരുന്നു കെഎസ്ആർടിസിയുടെ പരാതി. ബ്രേക്ക് ലൈനർ കാലാവധി തികയ്ക്കുന്നില്ലത്രേ.

കമ്പനിയിൽ നിന്നുള്ള സാങ്കേതിക വിദഗ്‌ധർ എത്തി ബസ് അടിമുടി പരിശോധിച്ചെങ്കിലും സാങ്കേതിക തകരാറൊന്നും കണ്ടെത്തിയില്ല. ഒടുവിൽ മറ്റൊരു പരീക്ഷണത്തിന് അവർ മുതിർന്നു. കെഎസ്ആർടിസി ഡ്രൈവറെ കൊണ്ടുതന്നെ ബസ് ഓടിപ്പിച്ചു. കമ്പനിയുടെ ജീവനക്കാരും ഒപ്പം കയറി. ബസ് ഇറക്കം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് തകരാർ ബസിനല്ല ഡ്രൈവർക്കാണെന്ന് തെളിഞ്ഞത്.

പുത്തൻ തലമുറ ബസുകളിൽ ഇറക്കത്തിൽ കൂടുതൽ നിയന്ത്രണം കിട്ടാൻ എക്സോസ്റ്റ് ബ്രേക്ക് എന്നൊരു സംവിധാനമുണ്ട്. സ്റ്റിയറിങ്ങിന് സമീപം ഇൻഡിക്കേറ്റർ സ്വിച്ചിനോട് ചേർന്നാണ് ഈ ലിവർ. വാഹനത്തിന്റെ വേഗത കുറയ്ക്കാൻ ഉപയോഗിക്കുന്ന ഈ സാങ്കേതിക സംവിധാനം പതിവ് ബ്രേക്ക് ഉപയോഗം കുറയ്ക്കും. ഇങ്ങനെയൊരു സംവിധാനം ഉള്ളതിനെക്കുറിച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് അറിവില്ലായിരുന്നു.

തന്നോട് ഇക്കാര്യം ആരും പറഞ്ഞിട്ടില്ലെന്നായിരുന്നു ഡ്രൈവറുടെ വിശദീകരണം. കുമളിക്ക് പോയ ബസ് ഇറക്കം ഇറങ്ങുമ്പോൾ ഡ്രൈവർ പതിവുപടി ബ്രേക്ക് ചവുട്ടി ഇറക്കി. ലൈനർ കത്തി പുകയും വന്നു.

ഈ ബസ് 5000 കിലോമീറ്റർ പിന്നിടുമ്പോഴേയ്ക്കും നാല് ബ്രേക്ക് ലൈനറുകളും തേഞ്ഞ് തീർന്നിരുന്നു. അതിന്റെ കാരണവും ഡ്രൈവറുടെ പിഴവായിരുന്നു. പുതിയ ബസുകളുടെ സാങ്കേതിക സംവിധാനങ്ങൾ പരിചയപ്പെടുത്താതെ ഡ്രൈവർമാരെ നിയോഗിച്ച കെഎസ്ആർടിസിക്കാണ് പിഴവ് സംഭവിച്ചത്.

ഒമ്പത് വർഷത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ പുതിയ ബസുകളാണ് മാനേജ്മെന്റിന്റെ വീഴ്ച കാരണം കേടാകുന്നത്. ഡ്രൈവർ, മെക്കാനിക് വിഭാഗത്തിന് പുതിയ വാഹനങ്ങളിൽ പരിശീലനം നൽകുന്നതിൽ ഇതാദ്യമായിട്ടല്ല വീഴ്ച സംഭവിക്കുന്നത്.

2018 ൽ വാങ്ങിയ ബസുകളുടെ ഓട്ടോ അഡ്ജസ്റ്റ് ബ്രേക്ക് സംവിധാനം മെക്കാനിക്കുകളുടെ പിഴവിൽ കേടായിരുന്നു. വോൾവോ ബസിന്റെ എഞ്ചിനിൽ കൂളന്റ് ഒഴിച്ച സംഭവവും അരങ്ങേറിയിട്ടുണ്ട്. ഇത്തരം പിഴവുകളുടെ തുടർച്ച ഇപ്പോഴും ഉണ്ടെന്നതിന്റെ സൂചനയാണ് കൊല്ലം സംഭവം തെളിയിക്കുന്നത്.

Post a Comment

Previous Post Next Post