ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ പടക്കങ്ങൾ അടക്കമുള്ള കരിമരുന്നുകളുടെ പ്രയോഗത്തിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ദീപാവലി ദിനത്തിൽ നിയമ പ്രകാരമുളള നിർദ്ദിഷ്ട സമയങ്ങളിൽ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുളളൂ. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുളളൂ.
ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി നിശബ്ദ മേഖലകളിൽ 100 മീറ്റർ ചുറ്റളവിൽ പടക്കം പൊട്ടിക്കാൻ പാടില്ല. അംഗീകൃത ലൈസൻസികളിൽ നിന്നുളള നിയമ പ്രകാരമുളള പടക്കങ്ങൾ മാത്രമേ വാങ്ങാവൂ. പടക്കങ്ങൾ അടക്കമുള്ള കരിമരുന്ന് വസ്തുക്കൾ സുരക്ഷിതമായി ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
പടക്കങ്ങൾ ഉപയോഗിക്കുന്നവർക്കുള്ള മറ്റ് മാർഗനിർദ്ദേശങ്ങൾ
⏩ പടക്കങ്ങളുടെ കവറുകളിൽ എഴുതിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
⏩ തുറസായ സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കുക.
⏩ പടക്കം പൊട്ടിക്കുന്ന സ്ഥലത്തിന് സമീപം ബക്കറ്റും വെള്ളവും മണലും കരുതുക.
⏩ കൈ നീട്ടിപിടിച്ച് അകലേക്കാക്കി മാത്രം പടക്കങ്ങൾ കൈകാര്യം ചെയ്യുക.
⏩ സുരക്ഷയ്ക്കായി ഷൂ, കണ്ണട എന്നിവ ഉപയോഗിക്കുക.
⏩ ഇറുകിയ കോട്ടൺ തുണികൾ ധരിക്കുക.
⏩ നിലവാരമുള്ള പടക്കങ്ങൾ ഉപയോഗിക്കുക.
⏩ ഓല ഷെഡുകൾ, വൈക്കോൽ എന്നിവയ്ക്കു സമീപം ഉപയോഗിക്കരുത്.
⏩ ഉപയോഗിച്ചു കഴിഞ്ഞവ ഉടൻ തന്നെ വെള്ളമോ മണലോ ഉപയോഗിച്ച് നിർവീര്യമാക്കുക.
⏩ പടക്കങ്ങൾ ഉപയോഗിക്കുമ്പോൾ വീടിൻറെ ജനലുകളും വാതിലുകളും അടച്ചിടുക.
⏩ മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം കുട്ടികളെ പടക്കങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കുക.
⏩ ഒരിക്കൽ ഉപയോഗിച്ചിട്ട് പൊട്ടാത്തവ വീണ്ടും ഉപയോഗിക്കരുത്.
⏩ കത്തിച്ചുവെച്ച വിളക്കുകളോ ചന്ദനത്തിരികളോ പടക്കങ്ങളുടെ സമീപം വെയ്ക്കരുത്.
⏩ കെട്ടിടങ്ങളോട് ചേർന്ന് ഇവ പൊട്ടിക്കരുത്.
⏩ വീടിനുള്ളിൽ തുറന്നു വെച്ച് പ്രദർശിപ്പിക്കരുത്.
⏩ കുട്ടികളെ പരമാവധി അകലേക്ക് മാറ്റി നിർത്തുക.
⏩ പടക്കങ്ങൾ കത്തിച്ച് പുറത്തേക്ക് എറിഞ്ഞു കളിക്കരുത്.
⏩ അടച്ചുവെച്ച കണ്ടെയ്നറുകൾക്കുള്ളിൽ ഉപയോഗിക്കരുത്.
⏩ പറക്കുന്ന രീതിയിലുള്ള പടക്കങ്ങൾ ഇടുങ്ങിയ സ്ഥലത്ത് വെച്ച് പൊട്ടിക്കരുത്.
⏩ പടക്കങ്ങൾ ഉപയോഗിച്ച് പൊള്ളലുണ്ടാവുന്ന ഭാഗത്ത് 10 മിനിറ്റോളം ധാരാളം തണുത്ത വെള്ളം ഒഴിക്കുക.
Post a Comment