'സുഹൃത്തുക്കളെ...!, എന്ന ഒരൊറ്റ വാക്കുകൊണ്ട് മലയാളികളുടെ ഹൃദയംകവര്‍ന്ന യാത്രികൻ, കണ്ണൂര്‍ പരിയാരം സ്വദേശി ചിത്രൻ രാമചന്ദ്രൻ മൂന്നു വര്‍ഷത്തിനുശേഷം തന്‍റെ പര്‍വതങ്ങളിലേക്കുള്ള 'നടത്തത്തിന്' ചെറിയ ഇടവേള നൽകികൊണ്ട് നാട്ടിലേക്ക് തിരിച്ചെത്തുന്നു. 2022 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കേരളത്തിൽ നിന്ന് ലഢാക്കിലേക്ക് നടന്നുതുടങ്ങിയ ചിത്രൻ മൂന്നുവര്‍ഷത്തിനിപ്പുറം ഇന്ത്യയിലെ ആന്ധ്രയും തമിഴ്നാടും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നേപ്പാള്‍ രാജ്യം മുഴുവനും പിന്നിട്ടു കഴിഞ്ഞു.
കേരളം വിട്ടുള്ള ചിത്രന്‍റെ ആദ്യയാത്രയാണ് മൂന്നുവര്‍ഷം നീണ്ടത്. 24ാം വയസിൽ വീട്ടിൽ നിന്ന് ഇറങ്ങിയ ചിത്രൻ മൂന്നുവര്‍ഷം കഴിഞ്ഞ് തന്‍റെ 27ാം വയസിൽ ഈ വരുന്ന നവംബറിലാണ് തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. അന്ന് യാത്ര തുടങ്ങുമ്പോള്‍ മൂന്നുവര്‍ഷം കഴിഞ്ഞായിരിക്കും വീട്ടിലേക്ക് മടങ്ങുകയെന്ന് ചിത്രൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പ്രകൃതി ചിത്രനെ ഒരോയിടത്തേക്കും കൂട്ടികൊണ്ടുപോവുകയായിരുന്നു.
മനുഷ്യവാസമില്ലാത്ത നേപ്പാളിലെയും ഉത്തരേന്ത്യയിലെയും പര്‍വതങ്ങളും കാടുകളും താണ്ടി ചിത്രൻ തന്‍റെ 'പ്രകൃതി സഞ്ചാരം' തുടര്‍ന്നപ്പോള്‍ മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയതറിഞ്ഞില്ല. ആരും പോകാത്തയിടങ്ങളിൽ താൻ കാണുന്ന മനോഹക്കാഴ്ചകള്‍ 'ട്രാവലോഗ് ബൈ ചിത്രൻ' എന്ന സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ചിത്രൻ അങ്ങനെ മലയാളികളുടെ പ്രിയങ്കരനായ 'ദ റിയൽ ട്രാവല്‍ വ്ലോഗറുമായി'.
കാടും മലയും നടന്നുകയറി പ്രകൃതിയിലേക്കിറങ്ങുന്ന ചിത്രൻ, തന്‍റെ നിഷ്കളങ്കമായ പുഞ്ചിരിയോടെ സുഹൃത്തുക്കളെ എന്ന് നീട്ടി വിളിച്ചുകൊണ്ട് ഭൂമിയിലെ സ്വര്‍ഗസമാനമായ കാഴ്ചകള്‍ മലയാളികള്‍ക്ക് മുന്നിലെത്തിച്ചു. സുഹൃത്തുക്കളെ എന്ന ഒരൊറ്റ വാക്കുകൊണ്ടും കൃത്രിമത്വം ഒട്ടുമില്ലാത്ത അവതരണം കൊണ്ടും മലയാളികളുടെ പ്രത്യേകിച്ച് യാത്രയെ സ്നേഹിക്കുന്നവരുടെ ഹൃദയം കവര്‍ന്ന് നടന്നുനീങ്ങുകയാണ് ചിത്രൻ.
കണ്ണൂര്‍ പരിയാരം സ്വദേശിയായ റിട്ട. സൈനികൻ രാമചന്ദ്രന്‍റെയും എൻ രമാദേവിയുടെയും മകനായ ചിത്രൻ രാമചന്ദ്രന് ചെറുപ്പം മുതലെ യാത്രകളോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. പഠനകാലത്തെ ചരിത്രം ഏറെ ഇഷ്ടപ്പെട്ടിരുന്ന ചിത്രന് പുസ്തകങ്ങളായിരുന്നു കൂട്ട്. കുട്ടിക്കാലം മുതൽ ഇംഗ്ലീഷ് സിനിമകളും ചിത്രൻ കാണാറുണ്ടായിരുന്നു. പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ സ്ഥലങ്ങളിൽ എന്നെങ്കിലും യാത്ര ചെയ്യാനാകുമോയെന്ന് സ്വപ്നം പോലും കാണാൻ കഴിയാത്ത കുട്ടിക്കാലമായിരുന്നു ചിത്രന്‍റേത്.
വീട്ടിലെ സാഹചര്യവും ബുദ്ധിമുട്ടുകളും തടസങ്ങളായപ്പോള്‍ യാത്രികനാകണമെന്ന സ്വപ്നത്തെ കുഴിച്ചുമൂടേണ്ടിവന്നു. പരിയാരത്ത് തന്നെ ചെറിയ ഹോട്ടൽ ആയിരുന്നു ചിത്രന്‍റെ കുടുംബത്തിന്‍റെ ഉപജീവനമാര്‍ഗം. ചിത്രൻ പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു അച്ഛന്‍റെ വേര്‍പാട്. വീട്ടിലെ ബുദ്ധിമുട്ടുകള്‍ക്കിടയിലും ചെറുതാഴം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ ഹ്യൂമാനിറ്റീസ് പഠനം പൂര്‍ത്തിയാക്കിയ ചിത്രൻ, പയ്യന്നൂര്‍ നാഷണൽ കോളേജിൽ ബിഎ ഹിസ്റ്ററിയ്ക്ക് ചേര്‍ന്നെങ്കിലും പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. വീട്ടിലെ കഷ്ടപ്പാടുകള്‍ക്കിടയിൽ യാത്രയെക്കുറിച്ച് ഓര്‍ക്കാൻ പോലും ചിത്രന് കഴിഞ്ഞില്ല. അങ്ങനെ പഠനം ഉപേക്ഷിച്ച് ചിത്രൻ ജോലിക്കിറങ്ങി. മൊബൈൽ ടവര്‍ ഡീസൽ ഫില്ലിങ് എന്ന കഠിനമായ ജോലിയടക്കം ചെയ്ത് ചിത്രൻ കുടുംബം നോക്കി.
അപ്പോഴും പ്രശസ്ത മൊറോക്കൻ സഞ്ചാരിയും പര്യവേക്ഷകനുമായിരുന്ന ഇബ്ൻ ബത്തൂത്തയും മറ്റു ലോക സഞ്ചാരികളുമെല്ലാം പുസ്തക വായനകളിലൂടെ ചിത്രനെ സ്വാധീനിച്ചു. ഇന്ന് അല്ലെങ്കിൽ ഇനി എന്ന് എന്ന ചോദ്യം മുന്നിലെത്തിയതോടെ കുഴിച്ചുമൂടിയ സ്വപ്നം ചിത്രൻ പുറത്തെടുത്തു. അങ്ങനെ ഇന്ത്യ മുഴുവൻ നടന്നു കാണാനുള്ള തീരുമാനമെടുത്തു. ഇതുവരെ കേരളത്തിന് പുറത്തേക്ക് ഒരു തവണ പോലും യാത്ര ചെയ്യാത്ത മകൻ ഇന്ത്യ മുഴുവൻ നടന്നു കാണാൻ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഏതൊരു അമ്മയ്ക്കുമുണ്ടാകുന്ന ആധിയായിരുന്നു ചിത്രന്‍റെ അമ്മ രമാദേവിക്കുമുണ്ടായിരുന്നത്. ഒടുവിൽ കുടുംബത്തിന്‍റെ സമ്മതത്തോടെ വീട്ടിൽ അമ്മയ്ക്കൊപ്പം ജേഷ്ഠനും അനിയനും ഉണ്ടെന്ന സമാധാനത്തോടെ 2022 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിൽ തന്‍റെ 24ാം വയസിലാണ് ചിത്രൻ തന്‍റെ യാത്ര ആരംഭിക്കുന്നത്.
Post a Comment