ഫെഡറൽ ബാങ്കിന്റെ വിവിധ ശാഖകളിൽനിന്നായി 27 കോടി തട്ടിയ കേസിലെ മുഖ്യസൂത്രധാരനെ അസമിൽനിന്ന് ക്രൈംബ്രാഞ്ച് പിടികൂടി. അസം ബോവൽ ഗിരി സ്വദേശി സിറാജുൽ ഇസ്ലാമിനെയാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്‌റ്റ് ചെയ്തത്.
ഫെഡറൽ ബാങ്കിന്റെ ആപ്പ് വഴി വ്യാജരേഖകൾ തയ്യാറാക്കി ക്രെഡിറ്റ് കാർഡ് തരപ്പെടുത്തി ഇതിലെ തുക സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്. തട്ടിപ്പ് കണ്ടെത്തിയതോടെ ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. പണം മാറ്റിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സിറാജുൽ ഇസ്ലാമിനെക്കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് അസം പൊലീസിനെ ബന്ധപ്പെട്ട് അവരുടെ സഹായത്തോടെ അവിടെയെത്തി പിടികൂടുകയായിരുന്നു. അസമിൽ സമാനമായ രണ്ട് കേസ് ഇയാൾക്കെതിരെയുണ്ട്. ബാങ്ക് ഇടപാടുകാരുടെ വ്യാജ ആധാർ, പാൻ കാർഡുകൾ എന്നിവ സമർ പ്പിച്ചാണ് ഇയാൾ ക്രെഡിറ്റ് കാർഡ് തരപ്പെടുത്തിയത്.
500ൽ അധികം പേരുടെ വ്യാജ പാൻകാർഡുകൾ ഇയാളിൽനിന്ന് കണ്ടെത്തി. സംഘത്തിൽ നിരവധി പേരുള്ളതായും സംശയിക്കുന്നു. അസമിൽ ആഡംബര വീടും കോഴിഫാമും വാഹനവും പ്രതിക്കുണ്ട്. ഇയാളുടെ വാഹനം ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാത്ത വ്യക്തിക്ക് കാർഡ് അനുവദിച്ചതായി അറിയിപ്പ് ലഭിച്ച് ബാങ്കിനെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിനെക്കുറിച്ച് അധികൃതർക്ക് സൂചനകൾ ലഭിച്ചതും പരിശോധന നടത്തിയതും.
റേഞ്ച് എസ്‌പി എൻ രാജേഷിൻ്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. സിഐ രാജ്കുമാർ, എസ്ഐമാരായ സന്തോഷ്‌കുമാർ, ജിജോ മോൻ, സിപിഒ ജോമോൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Post a Comment