കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1ഉം ലോക: ചാപ്റ്റര്‍ 1 ചന്ദ്രയും ഒടിടിയിൽ എത്തി.

കാന്താര ചാപ്റ്റര്‍ വണ്‍ വൻ വിജയമാണ് നേടിയത്. ആഗോളതലത്തില്‍ കാന്താര ഇതുവരെയായി 813 കോടി രൂപയാണ് നേടിയത്. കേരളത്തിൽ നിന്ന് ₹55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് വിതരണം ചെയ്‍തത്. വിദേശത്ത് നിന്ന് മാത്രം 108 കോടി രൂപയോളം കാന്താര നേടി. 

കാന്താര ഹിന്ദി പതിപ്പ് 204 കോടി നേടി എന്നത് ബോളിവുഡ് സൂപ്പര്‍ താരങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനം ചെയ്‍ത 'കാന്താര'യുടെ പ്രീക്വല്‍ ആയ കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 ഒക്ടോബർ രണ്ടിനാണ് പ്രദര്‍ശനത്തിനെത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്.

കല്യാണി പ്രിയദര്‍ശൻ നായികയായി വന്ന ചിത്രം ആണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. ലോക ചാപ്റ്റര്‍ 1 ചന്ദ്ര സിനിമ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് ലോക സിനിമ സ്‍ട്രീം ചെയ്യുന്നത്. ഇപ്പോഴും ലോക തിയറ്ററുകളില്‍ തുടരുന്നുമുണ്ട്.

മലയാള സിനിമയുടെ അഭിമാന വിജയമാണ് ലോക: ചാപ്റ്റര്‍ 1 ചന്ദ്ര. മലയാളത്തില്‍ നിന്നുള്ള പുതിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രത്തില്‍ ഒരു നായിക ടൈറ്റില്‍ കഥാപാത്രമായി വന്നതുതന്നെ പുതുമയായിരുന്നു. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം എത്തിയത്. എന്നാല്‍ റിലീസ് ദിനത്തില്‍ത്തന്നെ മസ്റ്റ് വാച്ച് എന്ന് അഭിപ്രായം നേടിയതോടെ ചിത്രത്തിന് ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എന്ന് മാത്രമല്ല, ആ ബോക്സ് ഓഫീസ് കുതിപ്പ് ചരിത്രവുമായി. 

മലയാള സിനിമയെ സംബന്ധിച്ച് മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയെ സംബന്ധിച്ചും ഒരു റെക്കോര്‍ഡ് ഇട്ടിരുന്നു ചിത്രം. തെന്നിന്ത്യയില്‍ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം 100 കോടി ക്ലബ്ബില്‍ ഇതുവരെ ഇടംപിടിച്ചിരുന്നില്ല. അപ്പോഴാണ് ലോക ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി നേടി മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയത്.

Post a Comment

Previous Post Next Post