ഡിജിറ്റൽ വിപണിയിൽ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള നീക്കത്തിൽ റോയൽ എൻഫീൽഡ്. ബുള്ളറ്റടക്കം 350 സിസി മോട്ടോർസൈക്കിളുകളുടെ സമ്പൂർണ്ണ ശ്രേണി ഓൺലൈനായി വിൽക്കുന്നതിനായി ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടുമായി കൈകോക്കുകയാണ് റോയൽ എൻഫീൽഡ്.
ബുള്ളറ്റ് 350, ക്ലാസിക് 350, ഹണ്ടർ 350, ഗോവാൻ ക്ലാസിക് 350, പുതിയ മെറ്റിയോർ 350 എന്നിവയുൾപ്പെടെ മുഴുവൻ 350 സിസി മോട്ടോർസൈക്കിളുകളും സെപ്റ്റംബർ 22 മുതൽ ഫ്ലിപ്കാർട്ടിൽ വാങ്ങാൻ ലഭ്യമാകുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
തുടക്കത്തിൽ ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത, ലഖ്നൗ, മുംബൈ എന്നീ അഞ്ച് നഗരങ്ങളിലാണ് ഈ സംരംഭം ആരംഭിക്കുക. ഡെലിവറി മുതൽ വിൽപ്പനാനന്തര സേവനം വരെയുള്ള മുഴുവൻ ഉപഭോക്തൃ പ്രക്രിയയും ഈ നഗരങ്ങളിലെ ഉപഭോക്താവ് ഇഷ്ടപ്പെടുന്ന റോയൽ എൻഫീൽഡ് അംഗീകൃത ഡീലർ കൈകാര്യം ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കൂടാതെ, ഫ്ലിപ്കാർട്ട് വഴി വാങ്ങുന്ന ഉപഭോക്താക്കൾക്ക് പൂർണ്ണ ജിഎസ്ടി ആനുകൂല്യങ്ങൾ ലഭിക്കും.
ആദ്യം അഞ്ച് നഗരങ്ങളിൽ ആരംഭിക്കുന്ന പദ്ധതി ക്രമേണ വിപുലീകരിക്കുമെന്നും വാഹനത്തിന്റെ അന്തിമ കൈമാറ്റം അംഗീകൃത ഡീലർ വഴിയാണ് നടത്തുന്നതെന്ന് ഉറപ്പാക്കുന്നുവെന്നും റോയൽ എൻഫീൽഡ് സിഇഒ ബി ഗോവിന്ദരാജൻ പറഞ്ഞു.
Post a Comment