തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. മൂന്ന് ദിവസം പ്രായമായ ആൺകുഞ്ഞിനെയാണ് വെള്ളിയാഴ്ച വൈകിട്ട് 6.45 ന് അമ്മത്തൊട്ടിലിൽ നിന്ന് കിട്ടിയത്. കുട്ടിക്ക് സമൻ എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി അറിയിച്ചു.
വെള്ളിയാഴ്ച അവധി ദിവസത്തിൻ്റെ ആലസ്യത്തിൽ തിമിർത്തു പെയ്ത മഴ കുറച്ചൊന്ന് ഒഴിഞ്ഞ നേരത്താണ് അമ്മത്തൊട്ടിലിൻ്റെ അലാറം മുഴങ്ങിയത്. ഈ ശബ്ദം കേട്ട ഉടനെ ശിശുക്ഷേമ സമിതി ചേംബറിൽ ഉണ്ടായിരുന്ന സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിയും അഡോപ്ഷൻ മാനേജർ സരിതയും സ്നേഹത്തൊട്ടിലിൽ എത്തി. ഇവർ ഇവിടെ നിന്നും കുഞ്ഞിനെയെടുത്ത് ശിശുക്ഷേമ സമിതിയിലെ പോറ്റമ്മമാരെ ഏൽപ്പിച്ചു.
കുഞ്ഞിന് 2.4 കിലോഗ്രാമായിരുന്നു ഭാരം. നാട്ടിൽ സമത്വവും തുല്യതയും നല്ല മനസ്സും കാത്ത് സൂക്ഷിക്കുന്നതിന് സമൂഹത്തിനുള്ള സന്ദേശമായാണ് പുതിയ കുരുന്നിന് സമൻ എന്ന് പേര് നൽകിയത്. കുഞ്ഞിനെ ലഭിച്ച ഉടൻ തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധന നടത്തി. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ തിരികെ ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ചു.
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന 13ാമത്തെ കുരുന്നാണ് സമൻ. സെപ്തംബർ മാസം അമ്മത്തൊട്ടിലിലെത്തിയ മൂന്നാമത്തെ കുട്ടിയാണ് സമൻ. ഇതിന് മുൻപെത്തിയ രണ്ട് കുട്ടികൾക്കും തുമ്പ, മുകിൽ എന്നിങ്ങനെയാണ് പേരിട്ടത്. നിലവിലുള്ള ഭരണ സമിതി അധികാരത്തിൽ വന്ന ശേഷം 175 കുട്ടികളെ ഇതുവരെ ഉചിതരായ മതാപിതാക്കളെ കണ്ടെത്തി നിയമപരമായി ദത്ത് നൽകിയിട്ടുണ്ട്. ഇത് സർവകാല റെക്കോർഡാണെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം 32 കുട്ടികളാണ് സംസ്ഥാനത്താകെ അമ്മത്തൊട്ടിലുകളിൽ ലഭിച്ചത്. സമൻ്റെ ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തിരമായി ശിശുക്ഷേമ സമിതിയെ ബന്ധപ്പെടണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ. അരുൺ ഗോപി വാർത്താ കുറിപ്പിൽ അറിയിച്ചു.
Post a Comment