ഹോളിവുഡ് ഇതിഹാസം റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു.


പ്രശസ്ത‌ നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത അറിയിച്ചത്.

ലോസ് ആഞ്ജിലീസിൽ ജനിച്ച റോബർട്ട് റെഡ്ഫോർഡ് 1950-കളുടെ അവസാനത്തിലാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. 1960-ൽ ടെലിവിഷൻ രംഗത്തേക്ക് കടന്ന അദ്ദേഹം, 'വാർ ഹണ്ട്' (War Hunt) എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'ദി സ്റ്റിംഗ്' (The Sting), 'ബച്ച് കാസിഡി ആൻഡ് ദി സൺഡാൻസ് (Butch Cassidy And The Sundance Kid) തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 1973-ൽ 'ദി സ്റ്റിംഗ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കാർ നോമിനേഷൻ ലഭിച്ചിരുന്നു.

സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യു.എസിലെ യൂട്ടായിൽ സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതും ഇദ്ദേഹമാണ്.

1980-ൽ പുറത്തിറങ്ങിയ 'ഓർഡിനറി പീപ്പിൾ' (Ordinary People) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടക്കുന്നത്. മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ നാല് അക്കാദമി അവാർഡുകളും ഈ ചിത്രം നേടി. 2002-ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്റ് ഓസ്കാറും റെഡ്ഫോർഡിനെ തേടിയെത്തി.

2018-ൽ പുറത്തിറങ്ങിയ 'ദി ഓൾഡ് മാൻ ആൻഡ് ദി ഗൺ' (The Old Man and The Gun) എന്ന ചിത്രം തന്റെ അവസാനത്തെ ഓൺസ്ക്രീൻ വേഷമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Post a Comment

Previous Post Next Post