പേരൂർക്കടയിലെ വ്യാജ മാല മോഷണ കേസിൽ നിരപരാധിത്വം തെളിയിച്ച ബിന്ദു, ഒരു കോടി രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. കമ്മീഷൻ സിറ്റിംഗിലാണ് ബിന്ദു ഈ ആവശ്യം ഉന്നയിച്ചത്.
അതിനിടെ, വിതുരയിലെ എം.ജി.എം ഗ്രൂപ്പിന്റെ പൊൻമുടി വാലി പബ്ലിക് സ്കൂളിൽ ബിന്ദു ജോലിയിൽ പ്രവേശിച്ചു. ജോലി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബിന്ദു പറഞ്ഞു. ജോലിക്ക് നിന്ന വീട്ടിലെ മാല മോഷ്ടിച്ചെന്ന ബിന്ദുവിനെതിരായ കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് വിശദമായ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.ജി.എം ഗ്രൂപ്പ് ബിന്ദുവിന് ജോലി നൽകിയത്. ഇന്ന് ഉച്ചയോടെയാണ് ബിന്ദു ജോലിയിൽ പ്രവേശിച്ചത്.
സത്യം തെളിഞ്ഞതോടെ നിയമപോരാട്ടം കൂടുതൽ ശക്തമാക്കാനാണ് ബിന്ദുവിന്റെ തീരുമാനം. നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ്യപ്പെട്ടുള്ള ഹർജിയിൽ മനുഷ്യാവകാശ കമ്മീഷൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി, ആരോപണ വിധേയരായ എസ്.ഐ. പ്രദീപ്, എ.എസ്.ഐ. പ്രസന്നകുമാർ എന്നിവർക്ക് നോട്ടീസ് അയക്കും.
Post a Comment