ഇരുന്നൂറോളം വിവാഹങ്ങൾ, 40000 പേർക്ക് ഒന്നാന്തരം സദ്യ; അഷ്ടമിരോഹിണി മഹോത്സവത്തിന് ​ഗുരുവായൂരിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷത്തിനായി 38,47,700 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നല്‍കി. പൊതുവരി നില്‍ക്കുന്ന ഭക്തരുടെ ദര്‍ശനത്തിന് ദേവസ്വം മുന്‍ഗണന നല്‍കും. നിര്‍മ്മാല്യം മുതല്‍ ദര്‍ശനത്തിനുള്ള പൊതുവരി നേരെ കൊടിമരംവഴി വിടും. വിഐപി ദര്‍ശനത്തിനും ശയനപ്രദക്ഷിണത്തിനും നിയന്ത്രണമുണ്ടാകും. ഇരുന്നൂറോളം വിവാഹങ്ങളാണ് അഷ്ടമിരോഹിണി ദിനത്തില്‍ ശീട്ടാക്കിയിട്ടുള്ളത്. 

തിരക്ക് കണക്കിലെടുത്ത് പുലര്‍ച്ചെ 4 മണിമുതല്‍ വിവാഹങ്ങള്‍ ആരംഭിക്കും. നാല്‍പതിനായിരത്തോളം ഭക്തര്‍ക്ക് പ്രസാദ ഊട്ട് നല്‍കും. ഒരേസമയം 2100 പേര്‍ക്ക് പ്രസാദ ഊട്ട് കഴിക്കാനാകും. വിളമ്പാന്‍ ദേവസ്വം ജീവനക്കാര്‍ക്ക് പുറമെ 150 പ്രഫഷണല്‍ വിളമ്പുകാരും ഉണ്ടാകും. പ്രസാദ ഊട്ടിനു മാത്രമായി 27,50,000 രൂപയാണ് വകയിരുത്തിയത്. അഷ്ടമിരോഹിണി ദിവസത്തിലെ പ്രധാന വഴിപാടായ അപ്പം 7,25760 രൂപക്ക് ശീട്ടാക്കും. രണ്ട് അപ്പം അടങ്ങുന്ന രശീതിന് 35 രൂപയാണ് നിരക്ക്. ഒരാള്‍ക്ക് പരമാവധി 20 ശീട്ടാക്കാം.

8,08,000രൂപയുടെ പാല്‍പായസം നിവേദിക്കും. മൂന്നു നേരവും വിശേഷാല്‍ മേളത്തോടെ കാഴ്ചശീവേലിയുണ്ടാകും വിശേഷാല്‍ അവസരങ്ങളില്‍ മാത്രം പുറത്തെടുക്കുന്ന സ്വര്‍ണ ക്കോലം എഴുന്നള്ളിക്കും. ചുറ്റുവിളക്ക്, കാഴ്ചശീവേലി എന്നിവക്കായി 6,90,000 രൂപ അനുവദിച്ചു. രാവിലെ ആറിന് ആധ്യാത്മിക കലാപരിപാടികള്‍ ആരംഭിക്കും. നെന്‍മിനി ബലരാമ ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളിപ്പ് പത്തരയോടെ കിഴക്കേ നടയിലെത്തും. തുടര്‍ന്ന് സഹോദരസംഗമം നടക്കും. 

വൈകിട്ട് 5ന് മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര കലാ പുരസ്‌കാരം പെരിങ്ങോട് ചന്ദ്രന് സമ്മാനിക്കും. പുരസ്‌കാര ജേതാവ് നയിക്കുന്ന പഞ്ചവാദ്യവും കൃഷ്ണനാട്ടവും അരങ്ങേറും.

Post a Comment

Previous Post Next Post