സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയുന്നതിനും അശ്രദ്ധമായ ഡ്രൈവിംഗ് തടയാനും അപകടങ്ങള്‍ കുറയ്ക്കാനും ജിയോ ഫെന്‍സിങ് നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ്. സ്വകാര്യ ബസുകളുടെ പുതുക്കിയ സമയക്രമം സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു.
സ്വകാര്യ ബസുകളുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും തടയുന്നതിന് സമയക്രമം പരിഷ്‌കരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാന വ്യാപകമായി ജിയോ ഫെൻസിങ് നടപ്പാക്കാനുള്ള തീരുമാനം.
ജിയോ ഫെൻസിങ്സാങ്കേതിക വിദ്യകൊണ്ട് ഒരു വേലി എന്ന് വേണമെങ്കിൽ ഈ സംവിധാനത്തെ കാണാം. അതായത് ഒരു ജിപിഎസ്., ആർഎഫ്ഐഡി., അല്ലെങ്കിൽ വൈ-ഫൈ എന്നിവ ഉപയോഗിച്ച് യഥാർത്ഥ സ്ഥലത്തിന് ചുറ്റും ഒരു വെർച്വൽ ചുറ്റളവ് സൃഷ്ടിക്കുന്ന ലൊക്കേഷൻ അധിഷ്ഠിത സാങ്കേതികവിദ്യയാണ് ജിയോ ഫെൻസിങ്. ഒരു മൊബൈൽ ഉപകരണം ഈ നിശ്ചിത പ്രദേശത്തേക്ക് പ്രവേശിക്കുമ്പോഴോ പുറത്തുകടക്കുമ്പോഴോ നോട്ടിഫിക്കേഷൻ അല്ലെങ്കിൽ ആക്ഷൻ ഉണ്ടാകും. മൊബൈൽ മാർക്കറ്റിങ്, സെക്യൂരിറ്റി, ലോജിസ്റ്റിക്സ് മേഖലകളിൽ ഈ സങ്കേതം ഉപയോഗിച്ച് വരുന്നു
ബസുകള്‍ അവയുടെ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനത്തുടനീളം ജിയോ ഫെന്‍സിങ് സംവിധാനം നടപ്പാക്കാന്‍ ബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനകള്‍ സമ്മതിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയെക്കുറിച്ച് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ അതത് പ്രദേശങ്ങളിലെ ബസ് ഓപ്പറേറ്റര്‍മാരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ പാലക്കാട്-തൃശൂര്‍ റൂട്ടില്‍ ജിയോഫെന്‍സിങ് സംവിധാനം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.
ഏതെങ്കിലും പ്രദേശത്ത് ബസ് ഓപ്പറേറ്റര്‍മാര്‍ ജിയോ ഫെന്‍സിങ് നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗതാഗത വകുപ്പ് അത് നടപ്പാക്കുമെന്നും റോഡ് സുരക്ഷാ അതോറിറ്റി ഇതിനായി രണ്ട് കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ അറിയിച്ചു. വ്യത്യസ്ത റൂട്ടുകളില്‍ നിന്നുള്ള ബസുകളുടെ സമയക്രമം ഒരുപോലെയാകുന്നത് ഒരു വലിയ പ്രശ്‌നമാണെന്നും ജിയോ ഫെന്‍സിങ് നടപ്പാക്കുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമയക്രമം സംബന്ധിച്ച നിയമം സര്‍ക്കാര്‍ കര്‍ശനമായി തന്നെ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. "നഗരപ്രദേശങ്ങളില്‍ രണ്ട് ബസുകള്‍ തമ്മിലുള്ള സമയത്തിലെ ഇടവേള അഞ്ച് മിനിറ്റും ഗ്രാമപ്രദേശങ്ങളില്‍ പത്ത് മിനിറ്റുമായിരിക്കും. എല്ലാ ബസുകളും അവയുടെ സമയക്രമം പാലിക്കുന്നുണ്ടെന്ന് ജിയോഫെന്‍സിങ് സംവിധാനം ഉറപ്പാക്കും. ഓരോ പോയിന്റിലും ബസുകള്‍ കടന്നുപോകുന്ന സമയം ജിയോഫെന്‍സിങ് വ്യക്തമായി രേഖപ്പെടുത്തും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ഗതാഗത അതോറിറ്റി (എസ് ടി എ) യോഗത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കാന്‍ ബസ് ഓപ്പറേറ്റര്‍മാര്‍ സമ്മതിച്ചിട്ടുണ്ട്", അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കുന്നത് ഒഴിവാക്കാന്‍ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. "മയക്കുമരുന്ന് വില്‍പ്പനയിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും ഏര്‍പ്പെടുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ ഞാന്‍ നടത്തിയ പ്രസ്താവനയിൽ ഒരു കൂട്ടം ബസ് ഓപ്പറേറ്റര്‍മാര്‍ എനിക്കെതിരെ പ്രതിഷേധിച്ചു. ഞാന്‍ ഇപ്പോഴും എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. സാമൂഹിക വിരുദ്ധ മനോഭാവമുള്ള ആളുകളെ ബസിലെ ഡ്രൈവര്‍മാരായോ കണ്ടക്ടര്‍മാരായോ മറ്റേതെങ്കിലും ജീവനക്കാരായോ നിയമിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല", കെ.ബി. ഗണേഷ് കുമാര്‍ വ്യക്തമാക്കി.
Post a Comment