യാത്രാക്കൂലി കൂടിപ്പോയെന്ന് ആരോപിച്ച് ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ചു.

വർക്കല: ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചതായി പരാതി. വർക്കല കുരയ്ക്കണ്ണി തൃക്കേട്ടയിൽ സുനിൽകുമാറി (55)നാണ് മർദനമേറ്റത്. വർക്കല പാപനാശം കൊച്ചുവിള ജങ്ഷനിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ വാഹനവുമായി സവാരി കാത്തുകിടക്കവേ കാറിൽ എത്തിയാണ് അക്രമികൾ സുനിൽകുമാറിനെ മർദ്ദിച്ചതെന്നാണ് പരാതി.

സുനിൽകുമാറിൻ്റെ വാഹനത്തിൽ സവാരി പോയതിന് 100 രൂപ കൂലി വാങ്ങിയെന്നും ഇത് കൂടുതലാണെന്നും പറഞ്ഞാണ് മർദനം ആരംഭിച്ചത്. മർദിച്ചവരിൽ ഒരാളെ നേരിട്ട് പരിചയമുണ്ടെന്നും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെ കണ്ടാൽ തിരിച്ചറിയുമെന്നും സുനിൽകുമാർ പറഞ്ഞു.

മർദനത്തിൽ പരിക്കേറ്റ് അവശനായ സുനിൽകുമാർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് വർക്കല പോലീസിൽ പരാതിയും നൽകി. താലൂക്ക് ആശുപത്രിയിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് സുനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post