മുതിർന്ന സി.പി.ഐ നേതാവും ട്രേഡ് യൂണിയനിസ്റ്റും പീരുമേട് എം.എൽ.എയുമായ വാഴൂർ സോമൻ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
മൃതശരീരം സി.പി.ഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് രാത്രി എട്ടോടെ വണ്ടിപ്പെരിയാറിലെ വീട്ടിലേക്ക് കൊണ്ടുപോകും. കോട്ടയം വാഴൂർ സ്വദേശിയായ വാഴൂർ സോമൻ 30 വർഷങ്ങൾക്ക് മുമ്പ് ഇടുക്കിയിലേക്ക് താമസം മാറ്റിയിരുന്നു.
തിരുവനന്തപുരം പി.ടി.പി നഗറിൽ ഇടുക്കി ജില്ല റവന്യൂ അസംബ്ലിയുടെ യോഗത്തിൽ സംസാരിച്ച ശേഷം പുറത്തേക്ക് വരുമ്പോൾ വാഴൂർ സോമൻ കുഴഞ്ഞു വീഴുകയായിരുന്നു. ശാരീരികക്ഷീണം അനുഭവപ്പെടുന്നതായി പറഞ്ഞതിന് പിന്നാലെ എം.എൽ.എയെ കെട്ടിടത്തിലെ ലൈബ്രറിയിലെ മേശയിൽ കിടത്തി. ഉടൻ തന്നെ റവന്യൂ മന്ത്രി കെ. രാജന്റെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Post a Comment