വെറും 45 പൈസക്ക് അതത് യാത്രക്കായി മാത്രം ലഭിക്കുന്ന ഒരു ട്രാവൽ ഇൻഷുറൻസുണ്ട്. ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവർക്ക് ഇതിനെക്കുറിച്ച് അറിയാമായിരിക്കും. ഓപ്ഷണൽ ട്രാവൽ ഇൻഷുറൻസ് സ്കീം (OTIS) എന്നാണ് ഇത് അറിയപ്പെടുന്നത്. ഓരോ യാത്രയുടെയും കവറേജ് ആയി ടിക്കറ്റ് ചാർജിന് പുറമെ 45 പൈസയാണ് ഇതിന് ഈടാക്കുന്നത്.
പലർക്കുമുള്ള സംശയം ഈ പണം വെറുതേ കളയുന്നതല്ലേ എന്നൊക്കെയാണ്. എന്നാൽ അതങ്ങനെയല്ല എന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 5 വർഷം കൊണ്ട് ഓപ്ഷണൽ ട്രാവൽ ഇൻഷുറൻസ് സ്കീം വഴി ഉപഭോക്താക്കൾ ക്ലെയിം ചെയ്തത് 27.22 കോടി രൂപയാണെന്നാണ് കണക്ക്. 333 കേസുകളിലെ ക്ലെയിം കണക്കാണിതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ രേഖാമൂലം പറഞ്ഞു.
ഓൺലൈനായി ടിക്കറ്റെടുക്കുന്നവർക്ക് മാത്രമേ ഈ ഇൻഷുറൻസ് ലഭ്യമാകൂ. ഓപ്ഷണൽ ആയതു കൊണ്ട് തന്നെ വേണ്ടെന്നു വക്കാനുള്ള അവകാശം യാത്രക്കാരുടേതാണ്. യാത്രക്കിടയിൽ സംഭവിച്ചേക്കാവുന്ന അത്യാഹിതങ്ങൾ കവർ ചെയ്യുന്നതിനാണ് ഈ ഇൻഷുറൻസ്. ഉപഭോക്താവും ഇൻഷുറൻസ് കമ്പനിയുമാണ് ഇവിടെ നേരിട്ട് ബന്ധപ്പെടുന്നത്.
ക്ലെയിം സമയത്തും ഇത് വ്യത്യസ്തമല്ല. ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം മെയിൽ ആയി വരുന്ന ഇൻഷുറൻസ് ഡോക്യുമെന്റ് സൂക്ഷിച്ചു വക്കുകയാണ് വേണ്ടത്. പോളിസി ക്ലെയിം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനിയും ഉപയോക്താവും നേരിട്ടായിരിക്കും ഇടപാടുകളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post a Comment