ഓൺലൈൻ റിയൽ മണി ഗെയിമുകളിൽ പ്രതിവർഷം 45 കോടി ആളുകൾക്ക് 20,000 കോടി രൂപയോളം നഷ്ടപ്പെടുന്നതായി സർക്കാർ കണക്കാക്കുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഓൺലൈൻ റിയൽ മണി ഗെയിമിങ് പ്രധാന പ്രശ്നമാണെന്ന് സർക്കാർ മനസിലാക്കിയിട്ടുണ്ടെന്നും ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകി വരുമാന നഷ്ടം ഉപേക്ഷിക്കാൻ തീരുമാനിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
ഓരോ വർഷവും 45 കോടി ആളുകൾക്ക് പണം നഷ്ടപ്പെടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. നഷ്ടത്തിന്റെ ആകെ ആഘാതം താൽക്കാലികമായി ഏകദേശം 20,000 കോടി രൂപയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇ-സ്പോർട്സും ഓൺലൈൻ സോഷ്യൽ ഗെയിമിങും പ്രോത്സാഹിപ്പിക്കുന്നതിനും ഏതെങ്കിലും രൂപത്തിലുള്ള പണമിടപാട് നിരോധിക്കുന്നതിനും നിർദ്ശിക്കുന്ന ‘ഓൺലൈൻ ഗെയിമിംഗിന്റെ പ്രൊമോഷനും നിയന്ത്രണവും ബിൽ 2025’ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു.
ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകളെ നിയമത്തിന് കീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള അനധികൃത ചൂതാട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ‘പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ 2025’ ലോക്സഭ പാസാക്കി. ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ച ബിൽ ചർച്ചയില്ലാതെ ശബ്ദവോട്ടോടെ പാസാക്കിയെടുത്തത്.
ആദ്യം പണം നിക്ഷേപിച്ച് കൂടുതൽ പണം തിരികെ ലഭിക്കുന്ന ഗെയിമുകളെയാണ് ഓൺലൈൻ മണി ഗെയിമുകളുടെ പരിധിയിൽ കൊണ്ടുവന്നിരിക്കുന്നത്. ബില്ലിന് കീഴിൽ മണി ഗെയിമിങിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയുള്ള നടപടികൾ പ്രധാനമായും സംസ്ഥാന സർക്കാരുകളായിരിക്കും സ്വീകരിക്കുക. ഗെയിമുകളോടുള്ള അഡിക്ഷൻ, ഗെയിമുകൾ വഴിയുള്ള തട്ടിപ്പ്, നിയമങ്ങളിലെ പഴുതുകൾ എന്നിവയെല്ലാം പുതിയ ബില്ലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിൽ പ്രകാരം ഓൺലൈൻ ഗെയിമുകൾ കളിക്കുന്നവർ ശിക്ഷിക്കപ്പെടില്ല. പക്ഷേ ഗെയിം നടത്തുന്ന പ്ലാറ്റ്ഫോമുകൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കും.
ബിൽ നിയമമാകുന്നതോടെ ഓൺലൈൻ മണി ഗെയിമുകൾ പ്രചരിപ്പിക്കാനോ പ്രോത്സാഹിപ്പിക്കാനോ സാധിക്കില്ല. പ്രചരിപ്പിച്ചാൽ മൂന്ന് വർഷം തടവോ ഒരു കോടി രൂപയോ പിഴ ശിക്ഷയോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. ഇത്തരം ഗെയിമുകൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ഏതെങ്കിലും മാധ്യമത്തിലൂടെ പ്രചരിപ്പിച്ചാൽ രണ്ടു വർഷം തടവും 50 ലക്ഷം പിഴയും ശിക്ഷയായി ലഭിക്കും.
ബാങ്കുകൾക്കോ ധനകാര്യ സ്ഥാപനങ്ങൾക്കോ ഇത്തരം ഗെയിമുകളുമായി ബന്ധപ്പെട്ട പണമിടപാട് സേവനം നൽകാനുള്ള അനുമതി ലഭിക്കില്ല. രാജ്യത്തിന് പുറത്തുനിന്ന് നിയന്ത്രിക്കുന്ന ഓൺലൈൻ മണി ഗെയിമുകൾക്കും പുതിയ നിയമം ബാധകമാണ്. ഇത്തരം പ്ലാറ്റുഫോമുകളെ നിയന്ത്രിക്കുന്നതിന് അതോറിറ്റി രൂപവത്കരിക്കും. പണം ഉൾപ്പെട്ട ഗെയിമുകളുമായി ബന്ധപ്പെട്ട പരാതികളിൽ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കും.
Post a Comment