ഓണപ്പൂക്കളത്തിലെ ചെണ്ടുമല്ലിയുടെ നിറത്തിലൊരു ബസ് കവലകളിൽ നിന്ന് നിറയെ ഓണക്കോടിയുമായി കോഴിക്കോട് കവലകളിലേക്കെത്തുന്നു. കോഴിക്കോട് നഗര, ഗ്രാമപാതകളിലൂടെ സഞ്ചരിച്ച് ജനങ്ങളിലേക്ക് ബസ് ഓടിയെത്തും. ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ആഭിമുഖ്യത്തിലാണ് ഓണക്കാലത്ത് കോഴിക്കോട് ജില്ലയിലെങ്ങും 'ഖാദി വണ്ടി' സഞ്ചരിക്കുന്നത്.
സിൽക്ക് സാരി, കേരള സാരി, ഷർട്ട്, മുണ്ട്, തുണിത്തരങ്ങൾ, തോർത്ത്, കാർപ്പെറ്റ്, സോപ്പുകൾ, ക്ലീനിങ് ലോഷനുകൾ, തേൻ തുടങ്ങി ഖാദി ഉൽപ്പന്നങ്ങളെല്ലാം ബസിൽ സ്റ്റോക്കുണ്ട്. 30 ശതമാനം റിബേറ്റുണ്ട്. സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ഒരുലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ബീച്ചിലായിരുന്നു ആദ്യദിനം.
സെപ്തംബർ നാലുവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബസ് ഓടിയെത്തും. ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണം ഖാദി മേളയോടനുബന്ധിച്ച് ഖാദി ഉൽപ്പന്നങ്ങൾ കാണുകയും, 'ഖാദി വണ്ടി' ഫ്ലാഗ് ഓഫ് ചെയുകയും ചെയ്തു. ബോർഡ് ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
നവീന സങ്കൽപ്പങ്ങൾക്ക് അനുയോജ്യമായി രൂപകൽപ്പന ചെയ്ത ഖാദി വസ്ത്രങ്ങളും ഉൽപ്പന്നങ്ങളുമാണ് വിലക്കിഴിവോടെ മേളയിലുള്ളത്. 'എനിക്കും വേണം ഖാദി' മുദ്രവാക്യമുയർത്തിയാണ് ഓണം മേള നടക്കുന്നത്. ജില്ലാ ഓഫീസിനു മുന്നിൽ സെൽഫി പോയിൻ്റും, സമ്മാന പദ്ധതിയുമുണ്ട്. ടാറ്റ ടിയാഗോയുടെ ഇലക്ട്രിക് കാറാണ് ബമ്പർ സമ്മാനം.
Post a Comment