സാഹസികതയുടെ ആവേശത്തിലേറി തേവർമലയിലെ ഓഫ്‌റോഡ് ഫൺഡ്രൈവ്. സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡിടിപിസിയും ചേർന്ന് സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കോടഞ്ചേരി പഞ്ചായത്തിലെ തേവർ മലയിലേക്ക് സംഘടിപ്പിച്ച ഓഫ്‌റോഡ് ഫൺഡ്രൈവാണ് നാട്ടുകാരിൽ ആവേശം നിറച്ചത്.
കോടഞ്ചേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ അണിനിരന്ന മുപ്പതിലധികം വാഹനങ്ങൾ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ തേവർമല ലക്ഷ്യമിട്ട് കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെ കുതിച്ചുകയറി. ഗ്രാമപഞ്ചായത്തും കെഎൽ 11 ഓഫ്റോഡേഴ്സും മൗണ്ട് ഡി കോടഞ്ചേരിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോടഞ്ചേരി പഞ്ചായത്തിലെ രണ്ടാമത്തെ പ്രീ ഇവന്റ് ആയിരുന്നു ഫൺഡ്രൈവ്. തുഷാരഗിരിയിലെ വനിതാ മഴ നടത്തത്തോടെയാണ് പ്രീ ഇവന്റുകൾക്ക് തുടക്കമായത്.
പരിപാടിയുടെ ഫ്ലാഗ്ഓഫ് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ മുഖ്യാതിഥിയായി. വാർഡ് മെമ്പർമാരായ ചാൾസ് തയ്യിൽ, ചിന്ന അശോകൻ, എംആർഎഫ് കോഓഡിനേറ്റർ പോൾസൺ അറക്കൽ, ജോബിറ്റ്, ഹാറുൺ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment