ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തനമാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. പെരുവന്താനം പഞ്ചായത്തിൽപെട്ട മതമ്പ എന്ന സ്ഥലത്താണ് ആക്രമണമുണ്ടായിരിക്കുന്നത്. റബർതോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളാണ് പുരുഷോത്തമൻ. മകനും ഒപ്പമുണ്ടായിരുന്നു. രണ്ട് പേരും കൂടെ ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാനക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു.
ആദ്യം മകന്റെ നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. മകൻ ഓടിരക്ഷപ്പെട്ടു. അതിനിടെ ആനക്കൂട്ടം പുരുഷോത്തമന്റെ നേരെ തിരിയുകയായിരുന്നു. ആന പുരുഷോത്തമനെ തട്ടി താഴെയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആളുകളെല്ലാം ചേർന്ന് മുണ്ടക്കയത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി കാട്ടാനക്കൂട്ടം ഇവിടെ എത്താറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പുരുഷോത്തമന്റെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Post a Comment