വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര നിർദ്ദേശം.

വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് അടിയന്തര നടപടികൾ സ്വീകരിക്കാൻ  സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളുടെയും, കുട്ടികളുടെ സൗകര്യങ്ങളുടെയും സുരക്ഷാ ഓഡിറ്റ്, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനം, കൗൺസിലിംഗ് എന്നിവയിലൂടെ, കുട്ടികൾ അപകടത്തിൽ പെടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് നിർദേശങ്ങൾ ലക്ഷ്യമിടുന്നത്.

പ്രതിരോധ സുരക്ഷാ നടപടികളുടെ ഭാഗമായി ദുരന്തനിവാരണ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സ്‌കൂളുകൾ സുരക്ഷാ ഓഡിറ്റുകൾക്ക് വിധേയമാക്കണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകുന്നു.മോക്ക് ഡ്രില്ലുകൾ, പ്രഥമശുശ്രൂഷ, സുരക്ഷാ നടപടിക്രമങ്ങൾ  എന്നിവയുൾപ്പെടെയുള്ള അടിയന്തര തയ്യാറെടുപ്പിൽ സ്കൂൾ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അവബോധം നൽകേണ്ടതുണ്ട്. 

മാനസിക സാമൂഹിക ക്ഷേമം ലക്ഷ്യമിട്ട് കൗൺസിലിംഗ് സേവനങ്ങൾ, സാമൂഹ്യ ഇടപെടൽ സംരംഭങ്ങൾ എന്നിവയിലൂടെ മാനസികാരോഗ്യത്തിനും വൈകാരിക ക്ഷേമത്തിനും മുൻഗണന നൽകണം. അപകടകരമായ സാഹചര്യവും, സംഭവവും 24 മണിക്കൂറിനുള്ളിൽ നിയുക്ത സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര ഭരണ പ്രദേശ അതോറിറ്റിയെ അറിയിക്കണം.

സ്കൂളുകൾ, പൊതു ഇടങ്ങൾ, കുട്ടികൾ ഉപയോഗിക്കുന്ന ഗതാഗത മാർഗ്ഗങ്ങൾ എന്നിവയിലെ അപകടകരമായ സാഹചര്യങ്ങൾ തിരിച്ചറിയാനും റിപ്പോർട്ട് ചെയ്യാനും മാതാപിതാക്കൾ, രക്ഷിതാക്കൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെ പ്രോത്സാഹിപ്പിക്കണം.കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂള്‍ സംഭവം,രാജസ്ഥാനിലെ ഝാലാവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്ന് കുട്ടികൾ മരിച്ച സംഭവം തുടങ്ങിയവയുടെ  പശ്ചാത്തലത്തിലാണ് നിർദ്ദേശം.

Post a Comment

Previous Post Next Post