അപകടകരമായും ദിശ തെറ്റിച്ചും ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുകയും നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിടുകയും ചെയ്ത് ആര്‍ടിഒ.

അപകടകരമായും ദിശ തെറ്റിച്ചും ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുകയും നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിടുകയും ചെയ്ത് ആര്‍ടിഒ. കോഴിക്കോട്-മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 10 എബി 6447 നമ്പറിലുള്ള ചിന്നു ബസ് ഡ്രൈവര്‍ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി എംസി നൗഷാദിനെതിരെയാണ് നടപടി. ഫറോക്ക് ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സിപി സക്കറിയയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

കഴിഞ്ഞ 16ാം തിയ്യതിയായിരുന്നു സംഭവം. ഫറോക്ക് ചുങ്കത്ത് വെച്ച് മറ്റ് വാഹനങ്ങളെ മറികടന്ന് എതിര്‍ ദിശയില്‍ കയറിയ ബസ് ഏറെ നേരെ ഗതാഗതം സ്തംഭനം സൃഷ്ടിച്ചു. കൂടുതല്‍ വാഹനത്തിരക്ക് അനുഭവപ്പെടുന്ന വൈകീട്ടുള്ള സമയത്തായിരുന്നു ബസ് ഓടിച്ച നൗഷാദിന്റെ പ്രകോപനമുണ്ടാക്കുന്ന ഡ്രൈവിംഗ്. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട്-പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ഏറെ നേരം വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.

എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ടവരും ഗതാഗത തടസ്സത്തില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നു. ഇതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. എടപ്പാളിലുള്ള കേരള ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ച് ദിവസത്തെ പ്രെത്യേക പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ നൗഷാദിന്റെ ഡ്രൈവിംഗ് ലൈസന്‍സ് പുനസ്ഥാപിക്കുകയുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Post a Comment

Previous Post Next Post