ഓൺലൈൻ ബെറ്റിങ് ആപ്പുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിൽ ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും നോട്ടീസ് അയച്ച് ഇ ഡി. ജൂലൈ 21 ന് രണ്ട് കമ്പനികളുടെയും പ്രതിനിധികളോട് ഡൽഹി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം.
നിയമവിരുദ്ധ ബെറ്റിങ് ആപ്പുകളിലൂടെ നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഗൂഗിളിനും മെറ്റാ പ്ലാറ്റ്ഫോമുകൾക്കും പങ്കുണ്ടെന്നാണ് ഇ ഡിയുടെ ആരോപണം. ഇത്തരം പ്ലാറ്റ്ഫോമുകൾ പരസ്യങ്ങളിലൂടെ ബെറ്റിങ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുകയും ഉപയോക്താക്കളിലേക്ക് അവ എത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് അധികൃതർ പറഞ്ഞു.
നിരവധി ബെറ്റിങ് ആപ്പുകൾക്കെതിരെ പിഎംഎൽഎ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൂഗിളും മെറ്റയും ഇത്തരം ആപ്പുകൾക്ക് പരസ്യം ചെയ്യാൻ അവസരം ഒരുക്കുന്നു. എത്രയതികം ഉപയോക്താക്കൾ ആപ്പുകൾ ഉപയോഗിക്കുന്നു എന്ന് പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ കൂടുതൽ ആളുകളിൽ ഇത്തരം ആപ്പുകൾ വിശ്വാസ്യത നേടും. അതുവഴി ഈ പ്ലാറ്റ്ഫോമുകൾ പ്രേക്ഷകരിലേക്ക് ആപ്പുകൾ എത്തിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ജംഗ്ലീ റമ്മി, എ23, ജെറ്റ്വിൻ, പാരിമാച്ച്, ലോട്ടസ് 365 തുടങ്ങിയ ആപ്പുകൾക്ക് നേരെ അന്വേഷണം നടക്കുന്നുണ്ട്. ബെറ്റിങ് ആപ്പുകളെ പിന്തുണച്ചതിനും പ്രചാരണം നൽകുന്ന പരസ്യത്തിൽ അഭിനയിച്ചതിനും തെന്നിന്ത്യൻ അഭിനേതാക്കളായ വിജയ് ദേവരകൊണ്ട്, റാണ ദഗുബട്ടി,പ്രകാശ് രാജ്, നിധി അഗർവാൾ, മഞ്ചു ലക്ഷ്‌മി എന്നീ താരങ്ങൾക്കെതിരെയും ഇഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് ഇ ഡിയുടെ അടുത്ത നീക്കം.
Post a Comment