നിരന്തരം വിവാദത്തതിൽ അകപ്പെട്ട എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റി എക്സൈസ് കമീഷണറാക്കി നിയമിച്ചു. ശബരിമല സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്ത സംഭവത്തില്‍ അജിത്കുമാറിനെതിരെ സർക്കാറിന് ഉചിത നടപടി സ്വീകരിക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖരൻ ആഭ്യന്തര സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബറ്റാലിയൻ ഡി.ജി.പി പദവിയിൽനിന്ന് സ്ഥലംമാറ്റിയത്. അജിത്കുമാറിന്റെ വിശദീകരണം തള്ളിയാണ് ഡി.ജി.പി നടപടിക്ക് ശിപാർശ ചെയ്തത്. നടപടി സ്വീകരിച്ച് ഹൈകോടതിയെ അറിയിക്കുന്നതാകും ഉചിതമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
എക്സൈസ് തലപ്പത്തേക്ക് മാറ്റിയതോടെ അജിത് കുമാറിനെതിരെ നടപടിയെടുത്തെന്ന് വരുത്തിത്തീർക്കാനും സർക്കാറിന് കഴിയും. ട്രാക്ടര്‍ യാത്രയില്‍ അജിത്കുമാറിന് വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ആഭ്യന്തര സെക്രട്ടറിക്ക് ജൂലൈ 19ന് ഡി.ജി.പി റിപ്പോർട്ട് നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ നടപടി സേനക്ക് ആകെ അവമതിപ്പുണ്ടാക്കിയെന്നും അതിനാൽ താക്കീത് നൽകിയെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ, റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറി കൂടുതൽ വ്യക്തത ആവശ്യപ്പെട്ടതോടെയാണ് സർക്കാറിന് ഉചിത നടപടി സ്വീകരിക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചത്.
കോടതി ഉത്തരവ് കാറ്റിൽപറത്തി സന്നിധാനത്തേക്കുള്ള നിയമവിരുദ്ധ ട്രാക്ടര്‍ യാത്രയില്‍ ഹൈകോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പൊലീസ് ട്രാക്ടറിൽ മങ്കി ക്യാപ് ധരിച്ച് സഹായികളായ പൊലീസുകാർക്കൊപ്പമാണ് നവഗ്രഹ പ്രതിഷ്ഠാ പൂജക്കായി നടതുറന്നിരിക്കെ കഴിഞ്ഞ 12ന് രാത്രി അജിത്കുമാർ ട്രാക്ടറിൽ സന്നിധാനത്ത് എത്തി ദർശനം നടത്തിയത്. അതേ ട്രാക്ടറിൽ 13ന് തിരിച്ചിറങ്ങി. ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂവെന്ന കോടതി ഉത്തരവാണ് അജിത്കുമാർ ലംഘിച്ചത്. എന്നാൽ അജിത്കുമാറിനെ സംരക്ഷിക്കാൻ ഡ്രൈവറെ പ്രതിയാക്കിയാണ് പമ്പ പൊലീസ് കേസെടുത്തത്.
Post a Comment