വാശിയേറിയ മത്സരങ്ങൾക്ക് സമാപനം; കയാക്കിങ് മാമാങ്കം കൊടിയിറങ്ങി.

മൂന്ന് ദിവസം നീണ്ട മലബാർ റിവർ ഫെസ്റ്റിവലിന് ആവേശോജ്ജ്വല സമാപനം. 20ലധികം വിദേശ താരങ്ങളും 60ലധികം ഇന്ത്യൻ കയാക്കർമാരും അണിനിരന്ന ഇന്റർനാഷണൽ കയാക്കിങ് ഫെസ്റ്റിവൽ സംഘാടനം കൊണ്ടും മികച്ചുനിൽക്കുന്നതായിരുന്നു.

അവസാന ദിവസത്തെ ഡൗൺ റിവർ മത്സരങ്ങൾ പുല്ലൂരാംപാറയിലെ ഇരുവഴഞ്ഞി പുഴയിൽ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും ഉയർന്ന ജലനിരപ്പ് കാരണം പുലിക്കയത്തെ ചാലിപ്പുഴയിലേക്ക് മാറ്റുകയായിരുന്നു. റാപ്പിഡ് രാജ, റാണി എന്നിവരെ കണ്ടെത്തുന്ന ഡൗൺ റിവർ മത്സരം കാണാൻ നിരവധി പേരാണ് എത്തിച്ചേർന്നത്.

വിദേശ കയാക്കാർമാർക്ക് വേറിട്ട അനുഭവമായിരുന്നു മലബാർ റിവർ ഫെസ്റ്റിവൽ. ഇവിടുത്തെ ഭക്ഷണവും കാലാവസ്‌ഥയും ആളുകളുടെ പെരുമാറ്റവും ഹൃദ്യമായി ആകർഷിച്ചുവെന്ന് റാപ്പിഡ് രാജ പട്ടം നേടിയ ന്യൂസിലാൻഡ് സ്വദേശി റയാൻ ഒ കൊന്നോർ പറയുന്നു. ആദ്യമായാണ് റയാൻ കേരളത്തിൽ എത്തുന്നത്. ഈ വർഷം ന്യൂസിലാൻഡിൽ നിന്നു മാത്രം ഏഴ് കയാക്കർമാർ റിവർ ഫെസ്റ്റിനു എത്തിയിരുന്നു. അടുത്ത വർഷവും എത്താമെന്ന പ്രതീക്ഷയിലാണെന്നും വിദേശ താരങ്ങൾ പറയുന്നു.

കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ,  ത്രിതല പഞ്ചായത്തുകൾ എന്നിവ ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ്  
 അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്‌റ്റിവൽ  11-ാമത് എഡിഷൻ സംഘടിപ്പിച്ചത്.

Post a Comment

Previous Post Next Post