പന്തീരങ്കാവ് മുതുവനത്തറയിൽ തെരുവ് നായയുടെ കടിയേറ്റ് 3 പേർക്ക് ഗുരുതര പരിക്ക്. മതുവനത്തറ എടക്കളപ്പുറത്ത് രാധ (65), തോട്ടൂളി ചന്ദ്രൻ (67), ഭാര്യ രമണി (60) എന്നിവർക്കാണ് കടിയേറ്റത്. അക്രമാസക്തനായ തെരുവുനായ ഇവരെയെല്ലാം കടിച്ചുപറിച്ചിട്ടുണ്ട്. മാംസം കടിച്ചെടുത്ത നിലയിലാണ്. മൂന്ന് പേരും കോഴിക്കോട് മെഡിക്കൽ കൊളജിൽ ചികിത്സയിലാണ്.
വൈകുന്നേരം 3മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കവെയാണ് മൂന്ന് പേർക്കും കടിയേറ്റത്. ആദ്യം കടിയേറ്റത് രാധക്കാണ്. പിന്നീട് വീട്ടുമുറ്റത്ത് സംസാരിച്ചു നിൽക്കുകയായിരുന്ന ചന്ദ്രൻ്റെയും ഭാര്യയുടെയും നേരേ പാഞ്ഞെടുത്ത നായ രണ്ടാളെയും ക്രൂരമായി കടിച്ചുകുടഞ്ഞു. നിലവിളികേട്ടെത്തിയ പരിസരവാസികളാണ് നായയുടെ വായിൽനിന്നും രമണിയുടെ കൈ വേർപെടുത്തിയത്.
പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങൾക്കും തെരുവ് നായ്ക്കൾക്കും കടിയേറ്റതിനാൽ പേപ്പട്ടി പേടിയിലാണ് മുതുവനത്തറ, പൂളേങ്കര പ്രദേശങ്ങൾ.
Post a Comment