ദേശീയ പണിമുടക്ക് നാളെ കേരളത്തിൽ ബന്ദാകും, ഇന്ന് അർധരാത്രിമുതൽ പണിമുടക്ക് തുടങ്ങും.

പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കിന്‍റെ ഭാഗമാകും.  

തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്നും പിൻവാങ്ങുക തുടങ്ങിയ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര ട്രേഡ് യൂണിയനകളുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 മണി വരെയുള്ള ദേശീയ പണിമുടക്ക്.

 സിഐടിയു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ് തുടങ്ങി 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.  ട്രേഡ് യൂണിയനുകൾക്കൊപ്പം വിവിധ സർവീസ് സംഘടനകളും ജീവനക്കാരുടെ ഫെഡറേഷനുകളും എല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ കേരളത്തിൽ ബുധനാഴ്ച ജനജീവിതം സ്തംഭിക്കാനാണ് സാധ്യത. കടകളടച്ചും യാത്ര ഒഴിവാക്കിയും പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. 

നാളെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കില്‍ കെ.എസ്‌.ആര്‍.ടി.സി ബസുകളും പ്രൈവറ്റ് ബസുകളും ഓടില്ല. ഇന്‍ഷുറന്‍സ്, ബാങ്കിങ് അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളെയും നാളത്തെ പണിമുടക്ക് കാര്യമായി ബാധിച്ചേക്കും. അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ സ്‌കൂളുകളുടെയും കോളേജുകളുടെയും പ്രവര്‍ത്തനവും പ്രതിസന്ധിയിലാകുമെന്നാണ് കണക്കാക്കുന്നത്. 

Post a Comment

Previous Post Next Post