പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബസ് ഡ്രൈവറായ പേരാമ്പ്ര സ്വദേശി ആദം ഷാഫിയുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. മോട്ടോർ വാഹന വകുപ്പിന്റെ അഞ്ച് ദിവസത്തെ നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കാനും ഉത്തരവ്.

ഇന്നലെ വൈകിട്ടാണ് കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് കയറി മരുതോങ്കര സ്വദേശി അബ്ദുൽ ജവാദ് മരിച്ചത്. സ്വകാര്യ ബസുകളുടെ മത്സര ഓട്ടമാണ് അപകടം വരുത്തിയതെന്ന് ആരോപിച്ച് കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ബസ് ഇന്ന് ബസുകൾ തടയുമെന്ന് യുവജന സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. രാവിലെ മുതൽ പേരാമ്പ്രയിൽ പ്രതിഷേധം തുടങ്ങി.

റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ്‌, യൂത്ത് ലീഗ് പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞു. സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതിനിടെ പൊലീസ് ജീപ്പിൽ റീത്ത് വെക്കാനും ശ്രമം നടന്നു. ഇതറിഞ്ഞ പൊലീസ് ജീപ്പുമായി പോയെങ്കിലും പ്രവർത്തകർ പിന്നാലെ ഓടി. പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് സ്വകാര്യ ബസിൽ കയറ്റാൻ ശ്രമിച്ചതോടെ സംഘർഷമായി.

പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ സ്വകാര്യ ബസിൽ നിന്നും ബലം പ്രയോഗിച്ച് മോചിപ്പിച്ചു. കൂടുതൽ പോലീസ് എത്തിയാണ് മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കിയത്. സംഭവത്തില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവർത്തകരും പ്രതിഷേധാവുമായെത്തി. റോഡ് ഉപരോധിച്ച എസ് ഡി പി ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

പ്രതിഷേധം കണക്കിലെടുത്ത് കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ കെഎസ്ആർടിസി ബസുകൾ ഒന്നും നിരത്തിലിറങ്ങിയില്ല. ഇന്നലെ നടന്ന അപകടത്തിൽ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post