സ്വകാര്യ സ്ഥാപനത്തിൽ പണയത്തിലിരുന്ന ഒരു കിലോയിലധികം സ്വർണം തട്ടിയെടുത്ത കേസിൽ സ്ഥാപനത്തിലെ മാനേജർ അറസ്റ്റിൽ. തൃപ്രയാർ വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ മാനേജർ കിഴുപ്പിള്ളിക്കര സ്വദേശി കല്ലിങ്ങൽ വീട്ടിൽ ദീപു (34) വിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സേഫിൽനിന്ന് 96,09,963 രൂപ വിലവരുന്ന 1055.46 ഗ്രാം തൂക്കം വരുന്ന പണയ ഉരുപ്പടികളാണ് മോഷ്ടിച്ചത്.
17ന് രാവിലെ സ്ഥാപനത്തിൽ സർപ്രൈസ് ഗോൾഡ് ഓഡിറ്റിങ്ങിന് ജീവനക്കാർ വന്നപ്പോൾ ദീപു ലോക്കർ തുറന്ന് ഗോൾഡ് ഓഡിറ്റിങ്ങിനായി പണയ സ്വർണ ഉരുപ്പടികൾ എടുത്തു നൽകി ബാഗുമെടുത്ത് സ്ഥാപനത്തിൽനിന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഓഡിറ്റിങ്ങിൽ സ്വർണം മോഷണം പോയതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ തൃശൂർ ഏരിയ സെയിൽ മാനേജർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതിയെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് അറസ്റ്റ് ചെയ്തത്. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജു, വലപ്പാട് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, എസ്.ഐ സി.എൻ. എബിൻ, സി.പി.ഒമാരായ അലി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
Post a Comment