രാജ്യാന്തര പണമിടപാടുകള്‍ ഇനി എളുപ്പം: യുപിഐയുമായി സഹകരിക്കാൻ പേപാല്‍.


ഇന്ത്യക്കാര്‍ക്ക് രാജ്യത്തിന് പുറത്തുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കിക്കൊണ്ട്, യു.എസ്. ആസ്ഥാനമായുള്ള പേപാല്‍, യൂനിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസുമായി (യു.പി.ഐ) സഹകരിക്കാന്‍ തീരുമാനിച്ചു. ഇതോടെ ഇന്ത്യക്കാര്‍ക്ക് യു.പി.ഐ വഴി രാജ്യാന്തര പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. ഇലോണ്‍ മസ്‌ക് സഹസ്ഥാപകനായ ആഗോള പേയ്മെന്റ് കമ്പനിയാണ് പേപാല്‍ വേള്‍ഡ് . ലോകത്തിലെ ഏറ്റവും വലിയ പേയ്മെന്റ് സംവിധാനങ്ങളെയും ഡിജിറ്റല്‍ വാലറ്റുകളെയും ബന്ധിപ്പിക്കാനാണ് ഈ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. 2025 അവസാനത്തോടെ പേപാല്‍ വേള്‍ഡ് ആരംഭിക്കും . പേപാല്‍ വേള്‍ഡിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ യു.പി.ഐയും ഉള്‍പ്പെടുത്തും.

പേപാലില്‍ യു.പി.ഐ എങ്ങനെ ഉപയോഗിക്കാം?

പേപാല്‍ വേള്‍ഡ് 2025 അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ മാത്രമേ പേപാലില്‍ യു.പി.ഐ സൗകര്യം ലഭ്യമാകൂ. രാജ്യാന്തര വ്യാപാരികളുമായി പേപാല്‍ വഴി പണമിടപാട് നടത്തുമ്പോള്‍, ഉപയോക്താക്കള്‍ക്ക് യു.പി.ഐ ഒരു പേയ്മെന്റ് മോഡായി തിരഞ്ഞെടുക്കാന്‍ സാധിക്കും. ഉദാഹരണത്തിന്, ഒരു ഇന്ത്യന്‍ ഉപയോക്താവ് അമേരിക്കയിലെ ഒരു ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് വസ്ത്രങ്ങളോ മറ്റ് സാധനങ്ങളോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് യു.പി.ഐ വഴിയുള്ള പണമിടപാട് തിരഞ്ഞെടുക്കാം. ചെക്കൗട്ട് സമയത്ത് പേപാല്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു യു.പി.ഐ ബട്ടണ്‍ ദൃശ്യമാകും, അത് വഴി പണമടയ്ക്കാന്‍ സാധിക്കും.

Post a Comment

Previous Post Next Post