സംസ്ഥാനത്ത് മഴ തുടരും; ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത.

കേരളത്തില്‍ ശക്തമായ മഴ തുടരുന്നു.  സംസ്ഥാനത്തെ വിവിധയിടങ്ങളിൽ മഴക്കെടുതികള്‍ റിപ്പോർട്ട് ചെയ്തു. 
മലപ്പുറം പൊന്നാനി  പാലപ്പെട്ടിയിലും വെളിയങ്കോട്ടും രൂക്ഷമായ കടലാക്രമണം ഉണ്ടായി. പ്രദേശത്തെ രണ്ട് വീടുകൾ തകരുകയും, നിരവധി വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു‌. കനത്ത മഴയിലും കാറ്റിലും പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ രണ്ട് വീടുകൾ പൂര്‍ണമായി തകര്‍ന്നു. ജില്ലയിലെ ആറ് താലൂക്കുകളിലായി 105 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മൂന്നാർ - ദേവികുളം റോഡിൽ തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടാകുന്നതിൻ്റെ പശ്ചാത്തലത്തിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.   

പമ്പ നദിയുടെയും കക്കാട്ടാറിൻ്റെയും ഇരുകരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കി ഡാമിൽ ജലനിരപ്പ് 2372.58 അടി പിന്നിട്ടതോടെ നീല ജാഗ്രത പുറപ്പെടുവിച്ചു. വരും  ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കണ്ണൂർ-കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വാഴ്ച വരെയും കർണാടക തീരത്ത് വ്യാഴാഴ്ച വരെയും, മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. 

Post a Comment

Previous Post Next Post