ഓണം കളറാക്കാനൊരുങ്ങി സപ്ലൈകോ; ഓണക്കിറ്റിലുള്ളത് 15 ഇനങ്ങൾ, വിതരണം ഓഗസ്റ്റ് 18 മുതല്‍.

ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികൾ പ്രഖ്യാപിച്ച് സപ്ലൈകോ. എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നൽകുമെന്നാണ് പ്രഖ്യാപനം. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

വന്‍പയര്‍, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഇനങ്ങളുടെ വില കുറച്ചിട്ടുണ്ട്. വന്‍ പയറിന് 75 രൂപയില്‍ നിന്നും 70 രൂപയായും തുവര പരിപ്പിന് 105 രൂപയില്‍ നിന്ന് 93 രൂപയായുമാണ് വില കുറച്ചത്. സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും 1 കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. (കിലോയ്ക്ക് 115.5/- അര കിലോയ്ക്ക് 57.50/-) വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്സിഡി സാധനങ്ങളും ഇപ്പോള്‍ ഔട്ട് ലെറ്റുകളിൽ ലഭ്യമാണ്. ഓണക്കാലത്ത് തടസ്സമില്ലാതെ മുഴുവന്‍ സബ്സിഡി സാധനങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും സപ്ലൈകോ അറിയിച്ചു.

സപ്ലൈകോയുടെ 3 പ്രധാന ഔട്ട്ലെറ്റുകൾ ഈ വർഷം സിഗ്നേച്ചർ മാർട്ട് എന്ന പേരിൽ പ്രീമിയം ഔട്ട് ലെറ്റുകൾ ആക്കി മാറ്റും. ഈ ഓണക്കാലത്ത് തലശ്ശേരി ഹൈപ്പർമാർക്കറ്റ്, സിഗ്നേച്ചർ മാർട്ട് ആക്കി മാറ്റിക്കൊണ്ടാണ് ഈ വലിയ മാറ്റത്തിന് തുടക്കമാവുക. സപ്ലൈകോയുടെ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോട്ടയം ഹൈപ്പർ മാർക്കറ്റ്, എറണാകുളം ഹൈപ്പർമാർക്കറ്റ് എന്നിവയും സിഗ്നേച്ചർ മാർട്ടുകളായി നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ആധുനിക രീതിയിലുള്ള മികച്ച ഷോപ്പിംഗ് അനുഭവം ഉപഭോക്താവിന് നൽകുകയാണ് സിഗ്നേച്ചർ മാർട്ടിന്റെ ലക്ഷ്യം.

കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്‍പനയാണ് നടന്നത്. ഇത്തവണ 250 കോടിയില്‍ കുറയാത്ത വില്‍പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഇത് കൂടാതെ ഇത്തവണ ഓണത്തിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മറ്റുള്ളവര്‍ക്ക് സമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കിയിട്ടുണ്ട്. 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും, റസിഡൻസ് അസോസിയേഷനുകൾക്കും, ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന വെൽഫെയർ സ്ഥാപനങ്ങൾക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് 2500/- രൂപയിലധികം സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്കായി ഒരു lucky draw നടത്തും. ഒരു പവൻ സ്വര്‍ണ്ണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികൾക്കായി നൽകുക. സംസ്ഥാനത്തെ 140 ഓണച്ചന്തകളിലും ഇത്തരം നറുക്കെടുപ്പുകള്‍ ദിവസേന നടത്തി വിജയികൾക്ക് വെളിച്ചെണ്ണയടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ടെന്നും സപ്ലൈകോ അധികൃർ അറിയിച്ചു.

Post a Comment

Previous Post Next Post