എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി; പൈലറ്റുമാരുടെ സംഭാഷണമടക്കം ലഭിച്ചേക്കും.

അഹമ്മദാബാദ്: വ്യാഴാഴ്‌ച അപകടത്തിൽപ്പെട്ട എയർഇന്ത്യ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്നാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. വിമാനാപകടത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിൽ നിർണായകമാണ് ബ്ലാക്ക് ബോകിന്റെ കണ്ടെത്തൽ. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയാണ് (എഎഐബി) വെള്ളിയാഴ്‌ച ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്.

ബ്ലാക്ക് ബോക്‌സിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള അന്വേഷണം നടക്കുക. ഫ്ളൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്‌പിറ്റ് വോയിസ് റെക്കോർഡറും അടങ്ങിയതാണ് ബ്ലാക്ക്ബോക്സ്. വിമാനത്തിൻ് സാങ്കേതിക വിവരങ്ങളും പൈലറ്റുമാരുടെ സംഭാഷണങ്ങളുമെല്ലാം ഇതിൽനിന്ന് മനസിലാക്കാനാകും. അതോടെ അപകടകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത കൈവരും. ഓറഞ്ച് നിറത്തിലുള്ള ബ്ലാക്ക് ബോക്സ് വിമാനത്തിൻ്റെ പിൻഭാഗത്താണ് ഘടിപ്പിക്കാറുള്ളത്.

രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദിൽ സംഭവിച്ചത്. വിമാന ദുരന്തത്തിൽ 294 പേർ മരിച്ചു. വ്യാഴാഴ്ച വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരിൽ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കൽ വിദ്യാർഥികളും സമീപവാസികളും ഉൾപ്പെടുന്നു.

Post a Comment

Previous Post Next Post