സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
എറണാകുളം: ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കോട്ടയം : മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. അതിശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും ജൂൺ 30 വരെ നിരോധിച്ചിട്ടുണ്ട്.
തൃശ്ശൂർ: ജില്ലയിൽ ഓറഞ്ച് അലർട്ട്
പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്സി, ഐസിഎസ് സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.
ഇടുക്കി: കനത്തമഴയെ തുടർന്ന് ജില്ലയിലെ
റെസിഡൻഷ്യൽ സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. അംഗനവാടികൾ, സർക്കാർ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ വിദ്യാലയങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, എല്ലാ കോളേജുകളും (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) അവധിയായിരിക്കും.
വയനാട്: വയനാട് ജില്ലയിൽ ശക്തമായ മഴ
തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ലാ കളക്റ്റർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മദ്രസ്സകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.
പാലക്കാട് : അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, ട്യൂഷൻ സെന്റററുകൾ, മദ്രസ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വെള്ളിയാഴ്ച അവധിയാണെന്ന് കളക്ടർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.
പത്തനംതിട്ട : അംഗണവാടികൾ, സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു.
ആലപ്പുഴ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാലും ചേർത്തല, കുട്ടനാട് താലൂക്കുകളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാലും വെള്ളിയാഴ്ച ചേർത്തല, കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
നിലമ്പൂർ താലൂക്കിലും അവധി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ഹയർ സെക്കൻഡറി ഉൾപ്പെടെ മുഴുവൻ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്റസകൾക്കും ജൂൺ 27-ന് ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും റസിഡൻഷ്യൽ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.
Post a Comment