റാവുത്തൻ കാട്ടിൽ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവക്കായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ. കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞതോടെ അതീവ ജാഗ്രതയിലാണ് വനം വകുപ്പ്. നൂറിലേറെ പേർ ഉൾപ്പെടുന്ന ദൗത്യ സംഘം ഞായറാഴ്ചയും തിരച്ചിൽ ഊർജിതമാക്കും. ശനിയാഴ്ച തിരച്ചിൽ അവസാനിപ്പിച്ച് എത്തിയ ആർ.ആർ.ടി ടീം ഇപ്പോഴും അടക്കാകുണ്ട് ക്രസന്റ് സ്കൂളിൽ ക്യാംപ് ചെയ്യുകയാണ്.
വനം വകുപ്പ് ദ്രുത കർമ സേന റാവുത്തൻകാട് ഭാഗം ഏതാണ്ട് വളഞ്ഞിരിക്കുകയാണ്. വിവിധ ബാച്ചുകളായാണ് തിരച്ചിൽ നടക്കുന്നത്. മലയുടെ പല ഭാഗങ്ങളിലായി അമ്പത് കാമറകളിലും നിരീക്ഷണം തുടരുന്നു. കടുവയെ വീഴ്ത്താൻ ഇരയായി ആടുകളെ വെച്ച് മൂന്ന് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. മുത്തങ്ങയിലെ കുഞ്ചു, കോന്നിയിലെ സുരേന്ദ്രൻ എന്നീ കുങ്കിയാനകൾ ഏത് സമയവും കാട് കയറാൻ കാത്തിരിക്കുകയാണ്. പാലക്കാട് വൈൽഡ് ലൈഫ് വാർഡൻ ഉമാകമൽഹാറിന്റെ നേതൃത്വത്തിൽ മയക്കുവെടി വിദഗ്ദൻ ഡോ. അരുൺ സക്കറിയയുടെ കീഴിൽ സായുധരായ സംഘം റാവുത്തൻ കാട്ടിലെ റബർ തോട്ടത്തിലും പരിസരങ്ങളിലും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കടുവയെ കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. ഞായറാഴ്ചയോടെ തിരച്ചിലിന് ഫലം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം.ഭീതിയിൽ തോട്ടം തൊഴിലാളികളും കുടുംബങ്ങളും പതിനൊന്ന് കിലോമീറ്ററോളം വനാതിർത്തി പങ്കിടുന്ന ജില്ലയിലെ ഏറ്റവും വലിയ റബ്ബർ എസ്റ്റേറ്റായ പുല്ലങ്കോട് ആണ് തൊഴിലാളികൾ കടുത്ത ഭീഷണിയിലായത്. എസ്റ്റേറ്റ് നടത്തിപ്പ് പോലും തടസ്സപ്പെടുമോ എന്ന ആശങ്കയുള്ളതായി മാനേജ്മെൻറ് പറഞ്ഞു.
കഴിഞ്ഞ ദിവസം ടാപ്പിങ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയതോടെ പുല്ലങ്കോട് എസ്റ്റേറ്റ് അടക്കം മേഖലയിലെ തൊഴിലാളികളും കർഷകരും കടുത്ത ഭീതിയിലാണ്. പുലർച്ചെ നടക്കുന്ന റബർ ടാപ്പിങ് മേഖല വലിയ പ്രതിസന്ധിയിലായി. രണ്ടായിരത്തി ഇരുനൂറോളം ഏക്കറുള്ളതും നാനൂറിലധികം പേർ ജോലി ചെയ്യുന്നതുമായ പുല്ലങ്കോട് എസ്റ്റേറ്റിൽ വന്യമൃഗ ശല്യം ഇടക്കിടെ ഉണ്ടാവാറുണ്ട്. പശ്ചിമഘട്ട വനമേഖലയുടെ 11 കിലോമീറ്ററോളം എസ്റ്റേറ്റ് അതിർത്തി പങ്കിടുന്നുണ്ട്.
വന്യമൃഗ ശല്യം ഉണ്ടാകുമ്പോൾ നേരത്തെ തൊഴിലാളികളുടെ സംരക്ഷണത്തിനായി സായുധരായ കാവൽക്കാരെ കമ്പനി നിയോഗിച്ചിരുന്നു. എന്നാൽ 2023 മുതൽ എസ്റ്റേറ്റിന്റെ തോക്കുകളുടെ ലൈസൻസുകൾ അധികാരികൾ ഇതേവരെ പുതുക്കി നൽകിയിട്ടില്ല. ഇതാണ് തൊഴിലാളികളുടെ ഭയത്തിന്റെ പ്രധാന കാരണം. പല തൊഴിലാളികളും സംഭവത്തിന് ശേഷം ജോലിക്കെത്തുന്നില്ല.
വാച്ച്മാൻ മാരെ ഉപയോഗപ്പെടുത്തി പടക്കം പൊട്ടിച്ച് മാത്രമാണ് ഇപ്പോൾ തൊഴിളികൾക്ക് സുരക്ഷ ഒരുക്കുന്നത്. തോക്ക് ലൈസൻസുകൾ പുതുക്കി നൽകാൻ അധികൃതർ തയാറാകണമെന്ന് എസ്റ്റേറ്റ് അസി. ജനറൽ മാനേജർ വി.പി. വീരാൻ കുട്ടി ആവശ്യപ്പെട്ടു.
Post a Comment