കെ എസ് ഇ ബിയുടെ വൈദ്യുത വാഹന ചാര്‍‍ജ്ജിംഗ് സ്റ്റേഷനുകളില്‍ പുതുക്കിയ നിരക്കുകള്‍‍ പ്രാബല്യത്തില്‍ വന്നു.

കെ എസ് ഇ ബിയുടെ വൈദ്യുത വാഹന ചാര്‍‍ജ്ജിംഗ് സ്റ്റേഷനുകളില്‍ പുതുക്കിയ നിരക്കുകള്‍‍ പ്രാബല്യത്തില്‍ വന്നു.  സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ 05.12.2024-ലെ താരിഫ് ഉത്തരവും കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ നിര്‍‍ദ്ദേശങ്ങളും അനുസരിച്ചുള്ള നിരക്കുകളാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍‍ പ്രാബല്യത്തില്‍‍ വന്നത്.  

സൗരോര്‍‍ജ്ജ വൈദ്യുതി സുലഭമായ പകല്‍‍ സമയത്ത് വൈദ്യുത വാഹന ചാര്‍‍ജ്ജിംഗ് പ്രോത്സാഹിപ്പിച്ച് വൈകുന്നേരത്തെ അമിത ഉപയോഗം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിരക്ക് നടപ്പാക്കിയത്. രാവിലെ ഒമ്പതു മുതല്‍‍ വൈകീട്ട് നാലുവരെ സൌര മണിക്കൂറും ബാക്കി സമയം സൌരേതര മണിക്കൂറുമായി തരം തിരിച്ചുള്ള ടൈം ഓഫ് ഡേ (ടിഒഡി) രീതിയിലാണ് നിരക്കുകള്‍‍. സൌര മണിക്കൂറില്‍ 30 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ വാഹനങ്ങള്‍ ചാര്‍‍ജ്ജ് ചെയ്യാം.  വൈകീട്ട് നാലു മുതല്‍‍ അടുത്ത ദിവസം രാവിലെ ഒമ്പതു വരെ 30 ശതമാനം അധിക നിരക്കായിരിക്കും ഈടാക്കുക. 

പകല്‍ സമയം സൌരോര്‍‍ജ്ജവൈദ്യുതികൂടി പ്രയോജനപ്പെടുത്താനാകുന്നതിന്റെ അനുകൂല്യം വാഹന ഉടമകള്‍‍ക്ക് ലഭ്യമാക്കണമെന്ന് സംസ്ഥാന വൈദുതി റെഗുലേറ്ററി കമ്മീഷന്‍‍ നിര്‍‍‍ദ്ദേശിച്ചിരുന്നു.  ചാജിംഗിന് പൊതു നിരക്ക് യൂണിറ്റിന് 7.15 രൂപയാണ്.  സൌര മണിക്കൂറില്‍‍‍‍ 30 ശതമാനം കുറഞ്ഞ് അഞ്ച് രൂപയും സൌരേതര മണിക്കൂറുകളില്‍ 9.30 രൂപയുമായിരിക്കും  (30 ശതമാനം കൂടുതല്‍) ഈടാക്കുക.  ഇതിനോടൊപ്പം ഡ്യൂട്ടിയും കേന്ദ്ര വൈദ്യുതി മന്ത്രാലയം നിര്‍‍ദ്ദേശിച്ച സര്‍‍വീസ് ചാര്‍‍ജ്ജും 18 ശതമാനം ജി.എസ്.ടി.യും നല്‍കേണ്ടി വരും.  ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍‍ക്ക് പകല്‍‍ സമയത്തെ ചാർജിംഗ് ലാഭകരമാകുന്ന രീതിയിലാണ്  പുതിയ പരിഷ്കാരം. 

രാത്രിയില്‍‍ കൂടുതല്‍‍ വാഹനങ്ങള്‍‍ ചാര്‍‍ജ്ജ് ചെയ്താല്‍‍ സൌരോര്‍‍ജ്ജം പോലുള്ള ഹരിത സ്രോതസ്സുകള്‍‍ ഉപയോഗപ്പെടുത്താനാകില്ല.  ഇത് കാര്‍ബണ്‍‍ ബഹിര്‍‍ഗമനം വര്‍ദ്ധിപ്പിക്കും.  ഇത് ഒഴിവാക്കിക്കൊണ്ട് ഹരിത ഗതാഗതം അതിന്റെ യഥാര്‍‍ത്ഥ ലക്ഷ്യം നേടുന്ന രീതിയില്‍ നടപ്പാക്കുകയാണ് പുതിയ രീതിയിലൂടെ ഉദ്ദേശിക്കുന്നത്.

എ.സി. ടൈപ്പ് ചാര്‍‍ജ്ജറില്‍ രാവിലെ 9.00 മുതല്‍ വൈകീട്ട് 4.00 വരെ  8.5 + ജി.എസ്.ടി.(18%) രൂപയും, വൈകീട്ട് 4.00 മുതല്‍ രാവിലെ 9.00 വരെ 14.23 + ജി.എസ്.ടി.(18%) രൂപയും, ഡി.സി. ചാര്‍‍ജ്ജറില്‍‍ രാവിലെ 9.00 മുതല്‍ വൈകീട്ട് 4.00 വരെ 16.5 + ജി.എസ്.ടി.(18%) രൂപയും, വൈകീട്ട് 4.00 മുതല്‍ രാവിലെ 9.00 വരെ 23.23 + ജി.എസ്.ടി.(18%) രൂപയും ആയിരിക്കും പുതിയ നിരക്കനുസരിച്ച് വരിക.

Post a Comment

Previous Post Next Post