വഞ്ചിയൂരിൽ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദനം; മുതിര്‍ന്ന അഭിഭാഷകൻ ബെയ്ലിൻ ദാസിനെ സസ്പെന്‍ഡ് ചെയ്ത് ബാര്‍ അസോസിയേഷൻ.

വഞ്ചിയൂരില്‍ വനിത അഭിഭാഷകയെ അതിക്രൂരമായ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനെ സസ്പെൻഡ്  ചെയ്ത് ബാര്‍ അസോസിയേഷൻ. ശ്യാമിലി ജസ്റ്റിൻ എന്ന അഭിഭാഷകയെ മര്‍ദിച്ച സംഭവത്തിലാണ് മുതിര്‍ന്ന അഭിഭാഷകൻ ബെയ്ലിന്‍ ദാസിനെ സസ്പെന്‍ഡ് െചെയ്തത്. മര്‍ദനമേറ്റ അഭിഭാഷകയ്ക്ക് ഒപ്പമാണെന്ന് ബാര്‍ അസോസിയേഷൻ അറിയിച്ചു. നിയമപരമായ എല്ലാ സഹായവും യുവതിക്ക് നൽകുമെന്നും അസോസിയേഷൻ പറഞ്ഞു. 

ശ്യാമിലിയുടെ മുഖത്ത് ക്രൂരമായി മര്‍ദിച്ചതിന്‍റെ പാടുകള്‍ കാണാം. കവിളില്‍ ആഞ്ഞടിക്കുകയാണ് ചെയ്തതെന്നും  ഇയാള്‍ ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്നും  മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. എന്നാൽ, വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തിരിച്ചെത്തിയത്.  ഇതിനുശേഷം ജോലിയിൽ നിന്ന് പറഞ്ഞുവിടാനുണ്ടായ സാഹചര്യം പറയണമെന്ന് ഇന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായി തന്നോട് അങ്ങനെ ചോദിക്കാൻ ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. 

അഭിഭാഷകന്‍റെ ക്രൂര മര്‍ദനത്തിനിരയായ അഡ്വ. ശ്യാമിലിയുടെ സിടി സ്കാൻ പൂര്‍ത്തിയായി. സംഭവത്തിൽ ബാര്‍ അസോസിയേഷനും വഞ്ചിയൂര്‍ പൊലീസിലും യുവതി പരാതി നൽകി. പരാതിയിൽ വഞ്ചിയൂര്‍ പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു.  യുവതിയുടെ മുഖത്ത് ക്രൂരമര്‍ദനമേറ്റതിന്‍റെ പാടുകളുണ്ട്. ഇയാള്‍ ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്ന് മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു. മുഖത്തടിച്ചശേഷം ക്രൂരമായി മര്‍ദിച്ച് നിലത്തിട്ടുവെന്നാണ് ആരോപണം. ആക്രമണം കണ്ടിട്ടും അവിടെയുണ്ടായിരുന്ന ആരും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.  

ഈ സംഭവം ഉണ്ടായ ഉടനെ വനിത അഭിഭാഷക ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോള്‍ ആരോപണ വിധേയനായ അഭിഭാഷകനെ അവിടെ നിന്ന് മാറ്റാനുള്ള സഹായം ചെയ്യുകയായിരുന്നു മറ്റുള്ളവരെന്നും പരാതിയുണ്ട്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍റെ സമീപത്താണ് അഭിഭാഷകന്‍റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ അഭിഭാഷകനെ രക്ഷപ്പെടുന്നതിന് അവിടെയുണ്ടായിരുന്നവര്‍ സഹായിച്ചുവെന്നാണ് ആരോപണം.   

Post a Comment

Previous Post Next Post