മിസൈലുകളെ തവിടുപൊടിയാക്കും ‘സുദര്‍ശന്‍ ചക്ര’; ഇന്ത്യയ്ക്ക് കവചം തീര്‍ത്ത് ‘എസ് 400’

യുദ്ധമുഖത്ത് പാക് പ്രത്യാക്രമണങ്ങൾ നിർവീര്യമാക്കാൻ ഇന്ത്യ ഉപയോഗിച്ച പ്രതിരോധ സംവിധാനമാണ് സുദർശൻ ചക്ര എന്ന വിളിപ്പേരുള്ള എസ് 400 . പാക് ഡ്രോണുകളെയും മിസൈലുകളെയും ഞൊടിയിടയിൽ തകർക്കുന്ന ഇന്ത്യയുടെ കവചം. എസ് 400 സംവിധാനത്തിന്റെ സവിശേഷതകൾ അറിയാം.

ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും നൂതനവും ശക്തവുമായ വ്യോമ പ്രതിരോധ സംവിധാനമാണ് റഷ്യൻ നിർമിതമായ എസ് 400, 2014 ൽ ചൈനയാണ് ആദ്യമായി ഉപയോഗിച്ചത്. 40000 കോടി രൂപ മുടക്കി 2018 ഒക്ടോബറിലാണ് റഷ്യയിൽ നിന്ന് 5 യൂണിറ്റ് എസ് 400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ വാങ്ങാൻ കരാറായത്. നാല് യൂണിറ്റുകൾ റഷ്യ കൈമാറി. ഒരു യൂണിറ്റിൽ നാലു തരം മിസൈലുകളാണ് ഉള്ളത്.

മിസൈലുകൾ, ഡ്രോണുകൾ, റോക്കറ്റുകൾ, എയർ ക്രാഫ്റ്റുകൾ മുതൽ യുദ്ധവിമാനങ്ങളെ വരെ ഫലപ്രദമായി പ്രതിരോധിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ വജ്രായുധമാണിത്. ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം ആക്രമിക്കാനുള്ള ശേഷിയുണ്ട്. കുറച്ചുകൂടി വ്യക്‌തമായി പറഞ്ഞാൽ ഒരുസമയം 36 ആക്രമണങ്ങളെ വരെ എസ് 400 ചെറുക്കും. എസ് 400 ലെ റഡാറിന് 600 കിലോമീറ്റർ പരിധിയിലുള്ളവയെ വരെ ട്രാക്ക് ചെയ്യാൻ സാധിക്കും, കൂടാതെ 400 കിലോമീറ്റർ പരിധിയിലുള്ളവയെ ലക്ഷ്യം വയ്ക്കാനും സാധിക്കും.


Post a Comment

Previous Post Next Post