ദേശീയപാത നിർമാണത്തിൽ വീണ്ടും അപാകത; കാക്കഞ്ചേരിയിൽ 25 മീറ്റർ നീളത്തിൽ റോഡ് വിണ്ടു കീറി, ഗതാഗത നിര്‍ത്തിവെച്ചു.

ദേശീയപാത രാമനാട്ടുകര-വളാഞ്ചേരി റീച്ചില്‍ വീണ്ടും നിര്‍മ്മാണത്തില്‍ അപാകത. മലപ്പുറം കാക്കഞ്ചേരി ഭാഗത്ത് റോഡില്‍ ഇരുപത്തഞ്ച് മീറ്ററോളം വിണ്ടു കീറി. ഇന്ന് 12 മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ ഭാഗം വഴിയുള്ള ഗതാഗതം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. സര്‍വീസ് റോഡ് വഴിയാണ് വാഹനങ്ങള്‍ പോകുന്നത്. ഇതേ റീച്ചിലെ കുരിയാട് , തലപ്പാറ, മമ്മാലിപ്പടി എന്നിവിടങ്ങളിലെ നിര്‍മ്മാണ അശാസത്രീയതകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. 

അതേസമയം, ദേശീയ പാതയുടെ നിർമ്മാണ അപാകതകൾ കേന്ദ്ര ശ്രദ്ധയിൽപ്പെടുത്താൻ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കാണും. ജൂൺ ആദ്യ ആഴ്ച കൂടിക്കാഴ്ചക്ക് ശ്രമിക്കും. മലപ്പുറം കൂരിയാട് ദേശീയ പാതയുടെ തകർച്ചയടക്കം ശ്രദ്ധയിൽപ്പെടുത്തും.

 കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘം ഉടന്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടോ, പരിഹാര മാര്‍ഗം എന്തൊക്കെ എന്നിവ അടങ്ങിയതായിരിക്കും റിപ്പോര്‍ട്ട്.  വിവിധയിടങ്ങളിൽ പരിശോധന നടത്തുന്ന വിദഗ്ധ സംഘത്തിൻറെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ ഉണ്ടാകും.   

Post a Comment

Previous Post Next Post