മലയാളി അല്ലെന്ന് തോന്നിക്കാൻ ബാങ്കിൽ സംസാരിച്ചത് ഹിന്ദിയിൽ; പക്ഷേ കുടവയർ ചതിച്ചു.

ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖലയിലെ കവര്‍ച്ചാ കേസില്‍ പ്രതി റിജോ ആന്റണി പിടിക്കപ്പെടാതിരിക്കാന്‍ നടത്തിയത് വമ്പൻ ഒരുക്കം. ബാങ്ക് ജീവനക്കാരനോട് ഹിന്ദി സംസാരിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതും കവര്‍ച്ചയ്ക്ക് ശേഷം മടങ്ങുമ്പോള്‍ വസ്ത്രം പലതവണ മാറിയതുമടക്കം പിടിക്കപ്പെടാതിരിക്കാന്‍ ഒട്ടേറെ മുന്‍കരുതലുകള്‍ റിജോ നടത്തിയെങ്കിലും മറച്ചുവയ്ക്കാന്‍ വിട്ടുപോയ രണ്ട് തെളിവുകളാണ് പ്രതിയെ കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്.

വളരെ ആസൂത്രിതമായിട്ടായിരുന്നു റിജോ ആന്റണിയുടെ കൊള്ള. നാലുദിവസം മുന്‍പും‌ ഇതേ ബാങ്കില്‍ ഒരു കൊള്ളശ്രമം നടത്തിനോക്കിയിരുന്നു. പക്ഷെ പൊലീസ് ജീപ്പ് കണ്ടതോടെ പിന്മാറി. പക്ഷേ നാലുദിവസത്തിന് ശേഷം ഇയാള്‍ പ്ലാന്‍ കൃത്യമായി നടത്തി. ബാങ്ക് ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയം നോക്കിവച്ചിരുന്നു. ഒരു ചെറിയ ഭാഗം പോലും കാണാതിരിക്കാനായി ഇയാള്‍ ശരീരം മുഴുവന്‍ മൂടിയിരുന്നു. അന്വേഷണം തന്നിലേക്ക് എത്താതിരിക്കാനായി ഹിന്ദിയിലാണ് സംസാരിച്ചത്. കൊള്ള കഴിഞ്ഞ് വാഹനത്തില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തി. വസ്ത്രം ഇടയ്ക്കിടയ്ക്ക് മാറി.

 കൊള്ളയ്ക്ക് ശേഷം സിസിടിവി ഇല്ലാത്ത സ്ഥലം നോക്കിയും ഇയാള്‍ ഉടുപ്പ് മാറി. തന്ത്രപരമായി വളഞ്ഞ വഴികളെടുത്ത് യാത്ര ചെയ്തു.  എന്നാല്‍, പൊലീസ് 48 മണിക്കൂര്‍ കൊണ്ട് പ്രതിയെ വലയിലാക്കി. വെള്ളിയാഴ്ച കവര്‍ച്ച നടക്കുന്നതിനിടെ പ്രതി ജീവനക്കാരോട് ഹിന്ദിയിലാണ് സംസാരിച്ചതെന്ന മൊഴി പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ശരീരപ്രകൃതമനുസരിച്ച് പ്രതി മലയാളിയായിരിക്കാമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചു. 

പ്രതിയായ റിജോ ബാങ്കിലെത്തുമ്പോള്‍ ബാങ്കിന്റെ ഫ്രണ്ട് ഓഫീസില്‍ പ്യൂണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളെ കത്തി കാണിച്ചശേഷം ഹിന്ദിയിലാണ് ഭീഷണിപ്പെടുത്തിയത്. ജീവനക്കാരെ ബാത്ത്‌റൂമില്‍ അടച്ചശേഷം കൗണ്ടറിലെ പണമെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. മോഷണത്തിന്റെ അന്വേഷണം തന്നിലേക്ക് വരാതിരിക്കുന്നതിനായി പ്രതി തന്ത്രപൂര്‍വം ഹിന്ദി ഭാഷയില്‍ സംസാരിക്കുകയായിരുന്നു വെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ റിജോയുടെ കുടവയറും നിര്‍ണായകമായി.

 സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിച്ച പൊലീസ് പ്രതിയുടെ ശരീരപ്രകൃതം കൃത്യമായി നിരീക്ഷിച്ചു മലയാളിയുടേതെന്ന് മനസിലാക്കി. ഇതോടൊപ്പം റിജോ ഓടിച്ച സ്‌കൂട്ടറും ധരിച്ചിരുന്ന ഷൂവും പൊലീസിന് വേഗത്തില്‍ പ്രതിയിലേക്ക് എത്തുന്നതിന് സഹായകമായി. ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ മാത്രമെടുത്ത പ്രതി കൂടുതല്‍ പണം എടുക്കാത്തതും പൊലീസിനെ സംശയിപ്പിച്ചു. ബാങ്കിനെക്കുറിച്ച് നന്നായി അറിയുന്നയാളായിരിക്കുമെന്ന് അതോടെ പൊലീസ് ഉറപ്പിച്ചു. തൃശൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം തുടങ്ങിയ ജില്ലകളിലെ ടിവിഎസ് എന്‍ട്രോക് സ്‌കൂട്ടറുള്ള ഉടമകളുടെ ലിസ്റ്റ് അടക്കം പൊലീസ് പരിശോധിച്ചിരുന്നു.

കുറച്ചു സമയം മാത്രമേ ബാങ്കിലുണ്ടായിരുന്നുള്ളൂ. കയ്യില്‍ കിട്ടിയതുമായി മടങ്ങുക എന്നതായിരുന്നു ലക്ഷ്യം. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താനുപയോഗിച്ച കത്തി മുമ്പ് ഗള്‍ഫിലുണ്ടായിരുന്നപ്പോള്‍ വാങ്ങിയതായിരുന്നു. മോഷണ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ പരമാവധി ക്യാമറയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചിരുന്നു. പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാത്തിലാണ് വീട്ടിലിരുന്നതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. ബാങ്കിന്റെ രണ്ടര കിലോമീറ്റര്‍ അകലെയാണ് റിജോയുടെ വീട്. 

ഈ പരിസരത്ത് പൊലീസ് അന്വേഷണത്തിന് എത്തുമ്പോള്‍ ആളുകളെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഇതില്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ട വീട്ടമ്മയാണ് ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് പറഞ്ഞത്. ഇവിടെ അടുത്തുള്ളയാളാണ് റിജോയെന്ന് വീട്ടമ്മ പറഞ്ഞു. റിജോയ്ക്ക് ഇതുപോലെയുള്ള സ്‌കൂട്ടറുണ്ടെന്നും വീട്ടമ്മ പറഞ്ഞു. തുടര്‍ന്ന് റിജോയുടെ വീട്ടില്‍ പൊലീസെത്തുമ്പോള്‍ സ്‌കൂട്ടര്‍ അവിടെയുണ്ടെങ്കിലും അതിന് കണ്ണാടിയുണ്ടായിരുന്നു.

മോഷണം നടത്തുമ്പോള്‍ സ്‌കൂട്ടറിന് കണ്ണാടിയുണ്ടായിരുന്നില്ല. എന്നാല്‍, മോഷണ സമയത്തും അതിനുശേഷവും റിജോ ധരിച്ചിരുന്ന ഷൂ വീട്ടിന് മുന്നിലുണ്ടായിരുന്നു. ഈ അടയാളം കൂടി ലഭിച്ചതോടെ പ്രതി റിജോയാണെന്ന് പൊലീസ് ഉറപ്പിച്ചു. തുടര്‍ന്നാണ് റിജോ പൊലീസിന്റെ വലയിലാകുന്നത്. മോഷണശേഷം പ്രതി വീട്ടില്‍ കുടുംബ സംഗമവും നടത്തി. ഇതിനിടെയാണ് പൊലീസെത്തുന്നതും പ്രതി പിടിയിലാകുന്നതും.

Post a Comment

Previous Post Next Post