നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് കസ്റ്റഡിയിൽ; സ്റ്റേഷന് പുറത്ത് ജനരോഷം.


പാലക്കാട് | നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമര പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് പിടിയിലായത്. നെന്മാറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മാട്ടായിയിൽ ചെന്താമരയെ കണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസും നാട്ടുകാരും ഏറെ നേരം തിരച്ചിൽ നടത്തിയുരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് ചെന്താമര ഭക്ഷണം കഴിക്കാൻ പുറത്തുവരുമെന്ന നിഗമനത്തിൽ പൊലീസ് കെണിയൊരുക്കി കാത്തിരുന്നു. 36 മണിക്കൂറോളം വനത്തിൽ ഒളിവിൽ കഴിഞ്ഞ ചെന്താമര വിശന്നുവലഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പൊലീസിൻ്റെ പിടിയിലായത്.

പ്രതിയെ നെന്മാറ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി തടിച്ചുകൂടി. ചെന്താമരയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധക്കാർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു.

നിയമനടപടികളുമായി നാട്ടുകാർ സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എംഎല്‍എ കെ ബാബു സ്ഥലത്തെത്തി ജനങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി.

പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പാലക്കാട് എസ് പി അറിയിച്ചു. പ്രാഥമിക വൈദ്യ പരിശോധന പൂർത്തിയായി. പശ്ചാത്താപമോ ഭാവഭേദങ്ങളോ ഇല്ലാതെയാണ് ചെന്താമര പൊലീസിൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്.

Post a Comment

Previous Post Next Post