ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും ജനുവരി 22ന് നടത്തുന്ന പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. പ്രതിപക്ഷ സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ), ഭരണകക്ഷിയിലെ സിപിഐയുടെ സംഘടനയായ ജോയിന്‍റ് കൗൺസിൽ എന്നിവയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ക്ഷാമബത്ത, ശമ്പള പരിഷ്കരണം, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശ്ശിക, പ്രഖ്യാപിച്ച ഡിഎയുടെ 78 മാസത്തെ കുടിശ്ശിക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഇതിനെ നേരിടാനാണ് സർക്കാർ ഉത്തരവിറക്കിയത്. അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് അത്യാവശ്യ സാഹചര്യങ്ങളിലൊഴികെ ജനുവരി 22ന് യാതൊരു തരത്തിലുള്ള അവധിയും അനുവദിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.
ബന്ധപ്പെട്ട വകുപ്പ് മേധാവി/ഓഫീസ് മേധാവി തങ്ങളുടെ ഓഫീസിന്റെയും പ്രവേശനകവാടത്തിൻ്റെയും താക്കോൽ സ്വന്തം കൈവശം സൂക്ഷിക്കേണ്ടതും പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാർക്ക് നേരത്തെതന്നെ ഓഫീസിൽ പ്രവേശിക്കാൻ ഓഫീസ് തുറന്നുകൊടുക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുമാണ്. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്നോണായി കണക്കാക്കുന്നതാണ്.
പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽനിന്നും കുറവു ചെയ്യും. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. പണിമുടക്കു ദിവസം അനുമതി ഇല്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവ്വീസിൽനിന്ന് നീക്കം ചെയ്യുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കി.
Post a Comment