സംസ്ഥാനത്ത് തകർന്നുകിടക്കുന്ന ഗ്രാമീണറോഡുകൾ നന്നാക്കാൻ ഒടുവിൽ സർക്കാർ തീരുമാനം. ഓരോ നിയോജകമണ്ഡലത്തിലെയും തകർന്ന റോഡുകളുടെ പട്ടിക തയ്യാറാക്കി സമർപ്പിക്കാനാവശ്യപ്പെട്ട് കഴിഞ്ഞദിവസം തദ്ദേശസ്വയംഭരണവകുപ്പ് എം.എൽ.എ.മാരോട് ആവശ്യപ്പെട്ടു. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട റോഡുകളുടെ പട്ടിക, ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുമായി ചർച്ച നടത്തിയശേഷം അനുവദിക്കേണ്ട തുകസഹിതം മുൻഗണനാക്രമത്തിൽ തയ്യാറാക്കി ധനകാര്യവകുപ്പിന് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സർക്കാരിന്റെ തിരക്കിട്ട നീക്കമെന്നറിയുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകൾ പുനരുദ്ധീരിക്കുന്നതിനായി 2024-25 വർഷത്തെ സംസ്ഥാനബജറ്റിൽ വകയിരുത്തിയ ആയിരം കോടിരൂപ ഉപയോഗിച്ചാണ് പണികൾ നടത്തുക. ബജറ്റിൽ പറഞ്ഞിരിക്കുന്ന തുക ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും ഭരണാനുമതി നൽകുക.
പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന തദ്ദേശറോഡുകൾ, സ്കൂൾ, കോളേജ്, ആശുപത്രികൾ, ടൂറിസംമേഖലകൾ എന്നിവയെ ബന്ധിപ്പിക്കുന്ന റോഡുകൾ, ജൽജീവൻ മിഷൻപദ്ധതിയുടെ ഭാഗമായി ഒന്നാംഘട്ടത്തിൽ കുഴിക്കേണ്ടിവന്നതും നന്നാക്കാൻ ഫണ്ട് ഇല്ലാത്തതുമായ റോഡുകൾ എന്നിവയ്ക്ക് മുൻഗണന നൽകാനാണ് നിർദേശം.
കുറഞ്ഞത് 15 ലക്ഷം രൂപയുടെയും പരമാവധി 45 ലക്ഷം രൂപയുടെയും അടങ്കൽ തുകയെങ്കിലും വരുന്ന റോഡുകളുടെ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത്. ജൽജീവൻ മിഷൻപദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ മാത്രം സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലായി ഏകദേശം 45,000 കിലോമീറ്റർ റോഡാണ് പൊളിച്ചിട്ടിരിക്കുന്നതെന്നാണ് കണക്ക്.
പണി നടത്തിയ വകയിൽ ബിൽ തുകയായി 4500 കോടിയോളംരൂപ കരാറുകാർക്ക് സർക്കാരിൽനിന്ന് ലഭിക്കാനുണ്ട്. ഈ തുക ലഭിക്കാത്തതാണ് റോഡ് നന്നാക്കുന്നതിന് തടസ്സമായിരുന്നത്. പുതിയ പദ്ധതി ജൽജീവൻ റോഡുകൾക്ക് ആശ്വാസമാകും. റോഡുകളുടെ പ്രവൃത്തികൾക്ക് ഡിസംബർ 20-ഓടെ ഭരണാനുമതി നൽകാനും ഡിസംബർ 31-ഓടെ സാങ്കേതികാനുമതി നൽകാനും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഫെബ്രുവരി 15-ഓടെ പണിതുടങ്ങാനുമാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഏപ്രിൽ അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കണം.
ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനിയർക്കാണ് നിർവഹണചുമതല. ഒന്നിൽ കൂടുതൽ തദ്ദേശസ്ഥാപനത്തിന്റെ പരിധിയിലൂടെ കടന്നുപോകുന്ന റോഡുകൾക്കും ജില്ലാപഞ്ചായത്ത് റോഡുകൾക്കും ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർക്കാണ് നിർവഹണചുമതല.
Post a Comment