പ്രവാസിയുടെ അടച്ചിട്ട വീട്ടില്‍നിന്ന് 350 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച മൂന്നുപേരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 13ന് പുലര്‍ച്ചെ മലപ്പുറം പൊന്നാനിയിലാണ് മോഷണം നടന്നത്. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി സുഹൈല്‍, പൊന്നാനി കടവനാട് സ്വദേശി നാസര്‍, പാലക്കാട് കാവശ്ശേരി സ്വദേശി മനോജ് എന്നിവരാണ് പോലീസ് പിടിയിലായത്.
പൊന്നാനി മണപ്പറമ്പില്‍ രാജീവിന്‍റെ വീട്ടിലാണ് വന്‍മോഷണം നടന്നത്. രാജീവ് ദുബായിലാണ് താമസം. ഭാര്യ അദ്ദേഹത്തിൻ്റെ അടുത്തേക്ക് പോയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ആരുമില്ലാത്ത വീട്ടില്‍ മോഷണം നടന്നത്.
വീട്ടിലെ ലോക്കറിലുണ്ടായിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. വീട് വൃത്തിയാക്കാന്‍ ജോലിക്കാരിയെത്തിയപ്പോഴാണ് വീടിന്‍റെ പിന്‍വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. സിസിടിവിയും തകര്‍ത്തിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സാഹചര്യം മനസ്സിലാക്കി വീടും പരിസരവും കൃത്യമായി അറിയുന്നയാളാകാം മോഷണത്തിനു പിന്നിലെന്നു പൊലീസ് സംശയിച്ചിരുന്നു.
സ്ഥിരം കുറ്റവാളിയായ സുഹൈലിന്‍റെ മോഷണരീതിയുമായി ഈ മോഷണത്തിന് സാമ്യമുണ്ടെന്ന് തോന്നിയ പോലീസ് അയാളെ ചോദ്യം ചെയ്തു. കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ഇയാളെ വെറുതെ വിട്ടു. തുടര്‍ന്ന് പോലീസ് സുഹൈലിനെയും സുഹൃത്തുക്കളെയും നിരീക്ഷിക്കുകയാണ് ചെയ്തത്. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തില്‍ മറ്റു തൊഴിലുകള്‍ക്കൊന്നും പോകാത്ത സുഹൈലും സുഹൃത്തുക്കളും ആഡംബര ജീവിതം നയിക്കുകയാണെന്ന് മനസ്സിലായി. ഇവര്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ വാങ്ങിയതും വസ്തു വാങ്ങാൻ പദ്ധതിയിടുന്നതും പോലീസ് മനസിലാക്കി. സുഹൈലിന്‍റെ പഴയ കേസുകള്‍ക്ക് ജാമ്യക്കാരനായ മനോജിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തെപ്പറ്റി മനസ്സിലാക്കാൻ കഴിഞ്ഞത്.
മോഷ്ടിച്ച സ്വര്‍ണം ഉരുക്കി രൂപമാറ്റം വരുത്താനും വില്‍പ്പന നടത്താനും താന്‍ സഹായിച്ചെന്ന് മനോജ് സമ്മതിച്ചു. വില്‍പ്പന നടത്തിയ കടയില്‍നിന്ന് 1,100 ഗ്രാം സ്വര്‍ണ്ണം പോലീസ് വീണ്ടെടുത്തു. കൂടാതെ സുഹൈലിന്‍റെ സുഹൃത്തായ നാസറിന്‍റെ വീട്ടില്‍ നിന്ന് ഏഴരലക്ഷം രൂപയും ബന്ധുവീട്ടില്‍നിന്ന് പതിനൊന്നര ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. കൂട്ടുപ്രതികളായ രണ്ട് തമിഴ്നാട് സ്വദേശികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു.
മലപ്പുറം ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്‍റെ നിർദ്ദേശപ്രകാരം തിരൂര്‍ ഡിവൈ.എസ്.പി ബാലകൃഷ്ണന്‍. ഇ, ഇന്‍സ്പെക്ടര്‍മാരായ ദീപ കുമാര്‍ (പോത്തുകൽ), ജലീല്‍ കറുത്തേടത്ത് (പൊന്നാനി), ജിനേഷ് കെ. ജെ. (തിരൂർ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തിരൂര്‍, താനൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, മലപ്പുറം സബ് ഡിവിഷനുകളിലെ ഡാന്‍സാഫ് അംഗങ്ങളും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Post a Comment