ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച വാർത്തകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.
പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ, ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
സംഭവത്തില്‍ സംസ്ഥാന ഭക്ഷ്യകമ്മീഷനും തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിർമാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖേന വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളാണ് ഉപയോഗ ശൂന്യമായതെന്ന് വയനാട് ADM, കമ്മീഷന് വിശദീകരണം നല്‍കി.
Post a Comment