സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണ മെനുവിൽ മാറ്റം വരുന്നു. ഇനി മുതൽ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ രസവും അച്ചാറും ഉൾപ്പെടുത്തില്ലെന്ന് അറിയിച്ചുകൊണ്ട് സർക്കുലറും പുറത്തിറക്കി. ഇത് കൂടാതെ, ചോറിനൊപ്പം നിർബന്ധമായും രണ്ട് കറികൾ നൽകണമെന്നും ഇതിൽ പച്ചക്കറികളും പയർ വർഗങ്ങളും ഉൾപ്പെടണമന്നും ഉത്തരവിൽ പറയുന്നു.
കറികളിൽ എപ്പോഴും വ്യത്യാസം നിലനിർത്തണം. ചെറുപയർ, വൻപയർ, കടല, ഗ്രീൻ പീസ്, മുതിര എന്നിവ കറികളിൽ ഉൾപ്പെടുത്തുന്ന വിധമാക്കണം തയ്യാറാക്കേണ്ടതെന്നും പറയുന്നുണ്ട്. ഉത്തരവിനൊപ്പം ഇതിനുവേണ്ടിയുള്ള സാംപിളും നൽകിയിട്ടുണ്ട്.
സാംപിൾ മെനു :
തിങ്കൾ: ചോറ്, അവിയൽ, പരിപ്പുകറി.
ചൊവ്വ: ചോറ്, തോരൻ, എരിശ്ശേരി.
ബുധൻ: ചോറ്, തോരൻ (ഇലക്കറി), സാമ്പാർ.
വ്യാഴം: ചോറ്, തോരൻ, സോയാ കറി/കടലക്കറി/ പുളിശ്ശേരി.
വെള്ളി: ചോറ്, തോരൻ, ചീര പരിപ്പുകറി.
ഫണ്ടിന്റെ ലഭ്യതയനുസരിച്ച് മത്സ്യവും മാംസവും ഉൾപ്പെടുത്താമെന്ന് പറയുന്നുണ്ട്. എന്നാൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് വേണം ഇവ പാചകം ചെയ്ത് നൽകേണ്ടതെന്നുമാണ് ഉത്തരവ്. 500 കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ഒരാളേയും 500ൽ കൂടുതൽ കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ 2 തൊഴിലാളികളേയുമാണ് നിയമിക്കാവുന്നത്.
എൽപി സ്കൂളിൽ 6 രൂപയും യുപിയിൽ 8.17 രൂപയുമാണ് ഒരു കുട്ടിക്കുള്ള പ്രതിദിന ഉച്ചഭക്ഷണത്തിന്റെ വിഹിതം. സ്കൂളിലെ ഏതു ഫണ്ടും ഉപയോഗിച്ചുകൊണ്ട് പദ്ധതി മുടക്കം വരാതെ മുന്നോട്ടു കൊണ്ടുപോകാമെന്നാണ് വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. തദേശസ്ഥാപന സഹകരണത്തോടെയും സ്പോൺഷർഷിപ്പിലൂടെയും എല്ലാ പ്രൈമറി സ്കൂളുകളിലും പ്രഭാത ഭക്ഷണം കൂടി ഉൾപ്പെടുത്തണമെന്നാണ് നിർദേശം.
Post a Comment