നവംബർ നാലിന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാവുന്നു. നവംബർ 4 മുതൽ 11 വരെയാണ് മേള അരങ്ങേറുക. 17 വേദികളിലായി 24,000ത്തോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. ഉദ്ഘാടന പരിപാടിയിൽ മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന വർണ്ണാഭമായ മാർച്ച് ആകർഷണമാവും . ഒളിമ്പിക്സ് മെഡൽ ജേതാവും പ്രശസ്ത ഹോക്കി താരവുമായ പി.ആർ.ശ്രീജേഷാണ് മേളയുടെ ബ്രാൻഡ് അംബാസിഡർ.
നവംബർ 4ന് വൈകുന്നേരം 5 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിന് തുടർച്ചയായി സ്പോർട്സ് ആൻഡ് കൾച്ചറൽ ഇവന്റ് ചലച്ചിത്രതാരം മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ഏഴ് ദിവസം പകലും രാത്രിയിലുമായി പതിനായിരത്തോളം മത്സരങ്ങളാണ് അരങ്ങേറുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൌമാര കായിക മേളയായി ഇത് മാറും.
സംസ്ഥാന സ്കൂൾ കായികമേളയിൽ ഈ വർഷം മുതൽ ജേതാക്കൾക്ക് ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിംഗ് ട്രോഫി നൽകും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കാണ് ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിംഗ് ട്രോഫി ലഭിക്കുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ട്രോഫി കൈമാറി. സമാപന സമ്മേളനം നവംബര്‍ 11ന് വൈകിട്ട് മഹാരാജാസ് കോളേജ് മൈതാനിയിലാണ്. അന്ന് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫി ജേതാക്കൾക്ക് സമ്മാനിക്കും.
പ്രധാനവേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വിപുലമായ പന്തലിന്റെ നിർമാണം പുരേഗമിക്കയാണ്. ആയിരം കുട്ടികൾക്ക് ഒരേസമയം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് ഇവിടെ ഒരുങ്ങുന്നത്. ഉമാ തോമസ് എംഎൽഎ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. മത്‌സരങ്ങൾ അരങ്ങേരുന്ന 17 വേദികളുമായി ബന്ധിപ്പിച്ച് പ്രത്യേക നെറ്റ് വർക്ക് സംവിധാനം ഒരുക്കും.
Post a Comment