മന്ത്രിസഭായോഗ തീരുമാനങ്ങൾ (20.09.2023)

* മുഖ്യമന്ത്രിയും മന്ത്രിമാരും അസംബ്ലി മണ്ഡലങ്ങളിൽ പര്യടനം നടത്തും

നവകേരള നിർമ്മിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിൻറെ ചിന്താഗതികൾ അടുത്തറിയുന്നതിനും  മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും. 

2023 നവംബർ 18 മുതൽ ഡിസംബർ 24 വരെ പരിപാടി. നവംബർ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എൽ.എമാർ നേതൃത്വം വഹിക്കും. സെപ്റ്റംബർ മാസത്തിൽ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കും.

പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കർഷക തൊഴി ലാളികളും മഹിളകളും വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസ്സു കൾ ആസൂത്രണം ചെയ്യും. മണ്ഡലം സദസ്സിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കും.

മണ്ഡലം സദസ്സിൽ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസ മര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, മഹിളാ, യുവജന, വിദ്യാർത്ഥി വിഭാഗത്തിൽനിന്ന് പ്രത്യേകം തെരഞെഞ്ഞെടുക്കപ്പെട്ടവർ, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടിക ജാതിപട്ടികവർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, സെലിബ്രിറ്റികൾ, വിവിധ അവാർഡ് നേടിയവർ, തെയ്യം കലാകാ ര?ന്മർ, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കൾ, മുതിർന്ന പൗര?ാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതി നിധികൾ, കലാസാംസ്‌കാരിക സംഘടനകൾ ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പരിപാടിയുടെ സംസ്ഥാനതല കോ-ഓർഡിനേറ്ററായി പാർല മെൻററികാര്യ മന്ത്രിയെ ചുമതലപ്പെടുത്തി. ജില്ലകളിൽ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാരെ എൽപ്പിക്കും. മന്ത്രിമാർ ഇല്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരെ ഏൽപ്പിക്കും. ജില്ലകളിൽ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല ബന്ധപ്പെട്ട ജില്ലാ കളക്ടർക്കായിരിക്കും.
--

* മെഡിക്കൽ എക്‌സാമിനേഷൻ / മെഡിക്കോ ലീഗൽ എക്‌സാമിനേഷൻ - മാർഗനിർദേശങ്ങൾ അംഗീകരിച്ചു

മെഡിക്കൽ എക്‌സാമിനേഷൻ / മെഡിക്കോ ലീഗൽ എക്‌സാമിനേഷൻ എന്നിവയ്ക്ക് മജിസ്‌ട്രേട്ട് മുമ്പാകെയോ ആശുപത്രികളിലെ രജിസ്ട്രർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാരുടെ  മുമ്പാകെയോ  വ്യക്തികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ   സംബന്ധിച്ച ആഭ്യന്തര വകുപ്പ് മാർഗ്ഗരേഖ  മന്ത്രിസഭായോഗം അംഗീകരിച്ചു. 7/05/2022-ൽ പ്രസിദ്ധീകരിച്ച മെഡിക്കോ - ലീഗൽ പ്രോട്ടോകോളിൽ ഭേദഗതി വരുത്തും.

*പ്രധാന  നിർദേശങ്ങൾ:
                                                                                                                                                                         
1. ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ (കുറ്റവാളിയെ/ഇരയെ/ സംരക്ഷണയിലുള്ളവരെ) നിരീക്ഷിച്ചും വിവരങ്ങൾ ശേഖരിച്ചും  അവരുടെ ശാരീരിക/മാനസിക/ലഹരി ദുരുപയോഗ അവസ്ഥ പോലീസ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്.

2.  മേൽപ്പറഞ്ഞ അവസ്ഥ സംബന്ധിച്ച് സംശയം തോന്നുന്ന സാഹചര്യത്തിൽ പ്രസ്തുത വിവരം സ്വകാര്യ നോട്ട് ബുക്കിലും പോലീസ് സ്റ്റേഷനിൽ കൊണ്ടുവരുമ്പോൾ ജനറൽ ഡയറിയിലും രേഖപ്പെടുത്തേണ്ടതാണ്. നേരിട്ട് ആശുപത്രിയിൽ കൊണ്ടുപോകുന്ന സാഹചര്യത്തിൽ ഫോൺ മുഖാന്തിരമോ സന്ദേശം മുഖേനയോ സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്. ആശുപത്രി ജീവനക്കാരെ മെഡിക്കൽ പരിശോധനയ്ക്ക് മുമ്പായി ഇക്കാര്യം അറിയിക്കേണ്ടതാണ്.

3.   വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരാൻ ബ്രീത്ത് അനലൈസർ ഉപയോഗിക്കണം. വ്യക്തമായ ഒപ്പും സീലും രേഖപ്പെടുത്തിയ ക്രൈം നമ്പർ/ജി.ഡി എൻട്രി റെഫറൻസ് നൽകിയാണ്  Drunkenness   സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. രക്തപരിശോധനയ്ക്ക് ശേഷം മാത്രമേ  Drunkenness     സർട്ടിഫിക്കറ്റിലെ അന്തിമ അഭിപ്രായം നൽകാവൂ.

4.  മദ്യം/മയക്കുമരുന്ന്, തുടങ്ങിയ ഏതെങ്കിലും സൈക്കോട്രോപിക് മരുന്നുകളുടെ സ്വാധീനത്തിൽ ആക്രമണ സ്വഭാവമുള്ള/?അക്രമാസക്തരായ വ്യക്തികളെ ശാരീരിക നിയന്ത്രണം/കൈവിലങ്ങ് ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കിയാവണം ആരോഗ്യപ്രവർത്തകൻറെ മുമ്പിൽ പരിശോധനയ്ക്ക്/ ചികിത്സയ്ക്ക് ഹാജരാക്കേണ്ടത്. ശാന്തനാകുന്ന/ഒഴിവാക്കേണ്ട സാഹചര്യത്തിൽ അത് നീക്കം ചെയ്യാവുന്നതാണ്. പ്രാഥമിക അപകട സാധ്യത ഉചിതമായ രീതിയിൽ പോലീസ് ഉദ്യോഗസ്ഥർ വിലയിരുത്തേണ്ടതാണ്.

5. മതിയായ പോലീസ് ഉദ്യോഗസ്ഥർ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വ്യക്തിയെ അനുഗമിക്കേണ്ടതാണ്. പരിശോധിക്കുന്ന ആരോഗ്യപ്രവർത്തകൻറെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും ഈ ഉദ്യോഗസ്ഥർക്കായിരിക്കും.

6. ഒരാളെ കസ്റ്റഡിയിൽ എടുത്ത ഉടൻ തന്നെ അവരുടെ അന്തസിനെ മാനിച്ചുകൊണ്ട് ആയുധം/ഉപകരണങ്ങൾ/?ആയുധമായി ഉപയോഗിക്കാൻ സാധ്യതയുള്ളവ മയക്കുമരുന്ന്/വിഷപദാർത്ഥം കൈവശമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ജുഡീഷ്യൽ ഓഫീസർ/ ഡോക്ടർമാരുടെ മുമ്പാകെ ഹാജരാക്കുമ്പോഴും ആയുധം കൈവശമില്ല എന്ന് ഉറപ്പാക്കേണ്ടതാണ്.

7. മദ്യപിച്ചതോ/അക്രമാസക്തനായ അവസ്ഥയിലോ അജ്ഞാതനായ ഒരാളെ പോലീസ് എസ്‌കോർട്ടില്ലാതെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അക്കാര്യം തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്. അത്തരം വിവരം ലഭിച്ചയുടൻ പോലീസ് അടിയന്തിര നടപടി സ്വീകരിക്കേണ്ടതും ചികിത്സാ നടപടി പൂർത്തിയാകുന്നതുവരെ നിയന്ത്രണമേറ്റെടുക്കേണ്ടതുമാണ്.

8. അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന പെരുമാറ്റം വ്യക്തി കാണിക്കുന്നെങ്കിൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുതിന്  മുമ്പായി മെഡിക്കൽ പ്രാക്ടീഷണറെ വിവരം അറിയിക്കേണ്ടതാണ്.

9.  സാധുവായ കാരണത്താൽ മെഡിക്കൽ പ്രാക്ടീഷണർ നിർദ്ദേശം നൽകിയാലല്ലാതെ  കസ്റ്റഡിയിൽ ഉള്ള അത്തരം വ്യക്തികളുടെ അടുത്തു നിന്നും ഒരു സാഹചര്യത്തിലും പോലീസ് ഉദ്യോഗസ്ഥർ അകന്നു നിൽക്കരുത്. വൈദ്യ പരിശോധനയ്ക്ക് ആവശ്യമാണെന്ന് മെഡിക്കൽ ഓഫിസർ അറിയിക്കുന്ന പക്ഷം കൈവിലങ്ങ് നീക്കം ചെയ്യേണ്ടതാണ്. അത്തരം സാഹചര്യങ്ങളിൽ അപകടകരമായ സ്ഥിതിവിശേഷമുണ്ടായാൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലും കസ്റ്റഡിയിലുള്ള വ്യക്തിയെ കാണാനാകുംവിധത്തിലും ദൃശ്യപരതയുള്ള സ്ഥലത്ത് പോലീസ് ഓഫീസർ നിലയുറപ്പിക്കണം.

10. ഇത്തരക്കാരെ ശാന്തമാക്കാൻ ഹാജരാക്കുന്ന ഉദ്യോഗസ്ഥൻ മെഡിക്കൽ പ്രാക്ടീഷണർ/ജീവനക്കാരെ സഹായിക്കുകയും ആരോഗ്യപ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുന്നതിന് മെഡിക്കൽ പ്രാക്ടീഷണർ നിർദ്ദേശിക്കുന്ന ഉചിത നടപടി സ്വീകരിക്കേണ്ടതുമാണ്.

11.  മദ്യപിച്ച് വാഹനമോടിക്കുക, പൊതുസ്ഥലത്ത് മദ്യപിച്ച് കാണുക, അക്രമാസക്തമായി കാണുക, കലാപം, മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് കസ്റ്റഡിയിലുള്ള ഒന്നിലധികം പേരെ ഒരേ സമയം കാഷ്വാലിറ്റി/അത്യാഹിതവിഭാഗത്തിലേയ്ക്ക് വൈദ്യ പരിശോധനയ്ക്കായി പോലീസ് ഹാജരാക്കരുത്. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യപ്രവർത്തകർക്കും ആരോഗ്യ സംരക്ഷണ പ്രവർത്തകർക്കും കാഷ്വാലിറ്റി/അത്യാഹിത വിഭാഗത്തിനും ആവശ്യമായ സുരക്ഷ പോലീസ് ഉറപ്പുവരുത്തേണ്ടതാണ്.

 12. പ്രതിയുടെ ശരീരത്തിൽ മുറിവുകളോ കേടുപാടുകളോ കണ്ടെത്തിയാൽ ഇത് അറസ്റ്റിന് മുമ്പാണോ ശേഷമാണോ സംഭവിച്ചത് എന്ന് ഡോക്ടർ കുറ്റാരോപിതനോട് ചോദിച്ച് അവ റിപ്പോർട്ടിൽ രേഖപ്പെടുത്തേണ്ടതാണ്. അറസ്റ്റിൻറെ സമയവും റിപ്പോർട്ടിൽ വ്യക്തമാക്കണം.

13. മാനസിക സ്ഥിരതയില്ലാത്ത/അസ്വസ്ഥരായ കുട്ടികളെ മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കുമ്പോൾ സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ ഇക്കാര്യം വിശദമായി മജിസ്‌ട്രേട്ടിനെ അറിയിക്കേണ്ടതാണ്.

14 .  പ്രതിയെ 5 മണിക്ക് ശേഷം ഹാജരാക്കുന്നതിനുള്ള അസാധാരണ സാഹചര്യമുണ്ടെങ്കിൽ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ/മേലുദ്യോഗസ്ഥൻ മുൻകൂർ അറിയിച്ചിരിക്കണം. കൂടാതെ അത്തരം സാഹചര്യം വിശദീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനും (പ്രതിയെ ഹാജരാക്കുന്ന സമയം) ഹാജരാകേണ്ടതാണ്.

15 .  അറസ്റ്റ് ചെയ്ത വ്യക്തിയെ മജിസ്‌ട്രേട്ടിനു മുമ്പാകെ ഹാജരാക്കി  റിമാൻഡ് ചെയ്യുന്ന സമയത്ത് മജിസ്‌ട്രേട്ടിൻറെ പ്രത്യേക അനുമതിയില്ലാത്തപക്ഷം കൈവിലങ്ങ് ഇടാൻ പാടുള്ളതല്ല. വാറണ്ട് നടപ്പാക്കുമ്പോൾ മജിസ്‌ട്രേട്ടിൻറെ ഉത്തരവ് വാങ്ങാതെ പ്രതിയെ കൈവിലങ്ങ് വയ്ക്കാൻ പാടില്ല.  

16 . സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റഡിയിൽ ഉള്ളയാളെ വൈദ്യപരിശോധന നടത്തുന്നതിന് മുമ്പായി ആയുധമായി ഉപയോഗിച്ചേയ്ക്കാവുന്ന ഉപകരണങ്ങൾ സുരക്ഷിതമാക്കാനുള്ള നടപടികൾ മെഡിക്കൽ പ്രാക്ടീഷണർ സ്വീകരിക്കേണ്ടതാണ്.

17. മുതിർന്ന ഡോക്ടർമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ടെങ്കിൽ പോലീസ് കസ്റ്റഡിയിലോ ജയിലിൽ നിന്നോ ഉള്ളവരെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ ഹാജരാക്കുമ്പോൾ ഹൗസ് സർജൻമാരെയും ജൂനിയർ റെസിഡൻറ്മാരെയും പ്രാഥമിക പരിചരണം നൽകുന്നതിൽ നിന്നും ഒഴിവാക്കേണ്ടതാണ്. മുതിർന്ന ഡോക്ടർമാരുടെ അഭാവത്തിൽ ഹൗസ് സർജൻസ്/ജൂനിയർ റെസിഡൻറ്‌സ് അടിയന്തിര കേസുകൾ അറ്റൻഡ് ചെയ്യേണ്ടതാണ്.

18 . മെഡിക്കോ ലീഗൽ പരിശോധനയ്ക്കുള്ള അപേക്ഷയിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ നിർബന്ധമായും ഉണ്ടായിരിക്കണം. കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ജനറൽ ഡയറിയിലെ  അനുബന്ധ റഫറൻസ് നമ്പർ രേഖപ്പെടുത്തിയാൽ മതിയാകും.

19 . മെഡിക്കൽ ഉദ്യോഗസ്ഥർക്ക് നേരെ ആശുപത്രി അക്രമമുണ്ടായാൽ ഒരു മണിക്കൂറിനകം ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ടിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തി FIR രജിസ്റ്റർ ചെയ്യുകയും 60 ദിവസത്തിനകം കോടതിയിൽ ചാർജ്ജ് ഷീറ്റ് സമർപ്പിക്കേണ്ടതുമാണ്.

20 . ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്കോ ആരോഗ്യപ്രവർത്തകർക്കോ നേരെ അതിക്രമമുണ്ടായതായി ഏതെങ്കിലും രീതിയിലുള്ള വിവരങ്ങൾ ലഭിച്ചാൽ അടുത്തുള്ള പോലീസ് സ്റ്റേഷനോ പോലീസ് പട്രോളിംഗ് യൂണിറ്റോ അടിയന്തിര സാഹചര്യം/ഏറ്റവും മുൻഗണന  നൽകി പ്രതികരിക്കേണ്ടതാണ്.

21. ആരോഗ്യ സംരക്ഷണ പ്രവർത്തകർക്കോ സ്ഥാപനങ്ങൾക്കോ എതിരെ അക്രമമുണ്ടായാൽ ഉത്തരവാദികളായവർക്കെതിരെ പ്രാഥമികമായി  The Kerala Health care Service Persons & Health care Service Institutions (Prevention of Violence & Damage to property) Act  ഉം ആവശ്യമായ മറ്റ് നിയമങ്ങളും അനുസരിച്ച് നടപടി സ്വീകരിക്കുന്നതാണ്.

22. മേൽപ്പറഞ്ഞ പ്രശ്‌നങ്ങൾ നിരീക്ഷിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി ഒരു ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കുകയും നിശ്ചിത ഇടവേളകളിൽ കമ്മിറ്റി യോഗം ചേരേണ്ടതുമാണ്.

---
* സാക്ഷരതാ മിഷൻ അതോറിറ്റിയെയും പ്രേരക്മാരെയും തദ്ദേശസ്വയം ഭരണ വകുപ്പിൻറെ ഭാഗമാക്കും

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയെയും സാക്ഷരതാ പ്രേരക്മാരെയും തദ്ദേശസ്വയം ഭരണ വകുപ്പിൻറെ ഭാഗമാക്കും.  പ്രേരക്മാർക്ക് ഓണറേറിയം നൽകുന്നതു സംബന്ധിച്ച സർക്കാർ വിഹിതവും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വഹിക്കേണ്ട വിഹിതവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ധനവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി. ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതി വരെയുള്ള ഓണറേറിയം കുടിശ്ശിക നിലവിലെ പോലെ സാക്ഷരതാ മിഷൻ വിഹിതവും സർക്കാർ വിഹിതവും എന്ന നിലയിൽ കൊടുക്കുന്നതിന് അനുമതി നൽകി. 

മിഷന്റെ തനതു ഫണ്ടുപയോഗിച്ച് സാക്ഷരതാ മിഷൻ നടത്തുന്ന കോഴ്‌സുകളുടെയും പരീക്ഷകളുടെയും അക്കാദമിക് ചുമതല നിലവിലുള്ളത് പോലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നിലനിർത്തും. 

തദ്ദേശസ്വയം ഭരണ വകുപ്പ് ഏറ്റെടുക്കുന്നത് വരെയുള്ള ബാധ്യതകൾ പൊതുവിദ്യാഭ്യാസ വകുപ്പ് വഹിക്കേണ്ടതാണ്. 

---
* ധനസഹായം

വയനാട് മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ വില്ലേജിൽ കണ്ണോത്ത് മല വാഹനാപകടത്തിൽ മരണപ്പെട്ട 9 പേരുടെ കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ 5 പേർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കും. മരണപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 3 ലക്ഷം രൂപയുമാണ് അനുവദിക്കുക. 

പീച്ചിഡാമിന്റെ റിസർവോയർ ഭാഗമായ ആനവാരി ഭാഗത്ത് 2023 സെപ്തംബർ 4ന് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. 

---
* സർക്കാർ ഗ്യാരൻറി

ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡിന് ബാങ്കുകൾ / ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പ സൗകര്യം ലഭിക്കുന്നതിന് 40 കോടി രൂപയുടെ സർക്കാർ ഗ്യാരൻറി വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും.

ആട്ടോകാസ്റ്റ് ലിമിറ്റഡിന് കേരള ബാങ്കിൽ നിന്നും 10 കോടി രൂപ വായ്പ എടുക്കുന്നതിന് ഗവൺമെൻറ് ഗ്യാരൻറി അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് പരിഷ്‌ക്കരിക്കും. ദേശസാൽകൃത ബാങ്കുകളിൽ നിന്നോ കെ. എസ്. ഐ. ഡി. സി / കെ. എഫ്. സി ഉൾപ്പെടെയുളള ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പ എടുക്കുന്നതിന് ഗവൺമെൻറ് ഗ്യാരൻറി അനുവദിക്കും.
---

* പരിഷ്‌ക്കരിക്കും

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ഏജ്യൂക്കേഷൻ ആൻറ് ടെക്‌നോളജിയിലെ കരാർ അധ്യാപകരുടെ കൺസോളിഡേറ്റഡ് പേ 01.11.2022 തിയ്യതി പ്രാബല്യത്തിൽ പരിഷ്‌ക്കരിക്കും. 

---
* മുദ്രവില ഒഴിവാക്കും

കേരള സിറാമിക്‌സിൻറെ ഉടമസ്ഥതയിലുള്ള കൊല്ലം ജില്ലയിലെ മുണ്ടയ്ക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 139, റീസർവ്വേ നം.4 -ൽ ഉൾപ്പെടുന്ന 20.23 ആർ വസ്തുവും അതിൽ ഉൾപ്പെടുന്ന കെട്ടിടങ്ങളും കാപ്പക്‌സിൻറെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ മുദ്രവില, രജിസ്‌ട്രേഷൻ ഫീസ് എന്നിവ ഉൾപ്പെടെയുള്ള തുകയായ 16,02,216 രൂപ ഒഴിവാക്കി നൽകും. 

---
* ഗവ.പ്ലീഡർ

ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവൺമെൻറ് പ്ലീഡറുടെ (ധനകാര്യം) ഒഴിവിലേയ്ക്ക് തൃപ്പുണിത്തുറ സ്വദേശി അഡ്വ. പി.കെ.ബാബു നിയമിക്കാൻ തീരുമാനിച്ചു.

---
* തസ്തിക

ആലപ്പുഴ, പോത്തപ്പള്ളി കെ.കെ.കെ.വി.എം ഹയർ സെക്കണ്ടറി സ്‌കൂളിൽ കമ്പ്യൂട്ടർ സയൻസ് ബാച്ചിൽ 6 തസ്തികകൾ പുതുതായി സൃഷ്ടിക്കാനും ഒരു തസ്തിക അപ്‌ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു. 

കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിന് സംസ്ഥാന പ്രോജക്ട് മാനേജ്‌മെൻറ് യൂണിറ്റിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ( സോളിഡ് വേസ്റ്റ് മാനേജ്‌മെൻറ്), അസിസ്റ്റൻറ് ഡയറക്ടർ (പ്രോജക്ട്) എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. 

----
* ഉത്തരവ് റദ്ദുചെയ്യും

തളിപ്പറമ്പ് കാനൂലിൽ പൊതുവിതരണ വകുപ്പിന് ഗോഡൗൺ നിർമ്മിക്കുന്നതിന് റവന്യു ഭൂമി കൈമാറിയ  ഉത്തരവ് റദ്ദുചെയ്യും. നിർമ്മാണത്തിന് അനുയോജ്യമല്ലാത്തതിനാലാണിത്.


Post a Comment

Previous Post Next Post