ഓണത്തെ വരവേറ്റ് നാളെ ചിങ്ങപ്പിറവി ; ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും.

കര്‍ക്കടക വറുതിക്ക് വിട ചൊല്ലി ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പുതുവര്‍ഷ  പ്രതീക്ഷകളുമായി നാളെ ചിങ്ങം പിറക്കും.  ചിങ്ങപ്പിറവിയെ വരവേല്‍ക്കാന്‍ വീടും പരിസരവും വൃത്തിയാക്കുന്ന ആടിയറുതിയാണ് ഇന്ന്.  കര്‍ക്കടകം അവസാനിക്കുന്ന ഇന്ന് രാമായണ മാസവും അവസാനിക്കും. ചിങ്ങം തുടങ്ങി നാലാം ദിനമാണ് അത്തം. അത്തം മുതലുള്ള പത്തു നാളുകള്‍ നാടും നാട്ടാരും ഓണത്തിന്റെ ആഘോഷ ലഹരിയിലമരും. ഈ മാസം  29 നാണ് തിരുവോണം.  ഓണത്തിന്റെ വരവറിയിച്ച് ചിങ്ങം പിറക്കുന്നതോടെ സംസ്ഥാനത്തെ വിപണികളും സജീവമാകും.

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും.  തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്നു ദീപങ്ങൾ തെളിക്കും.  ചിങ്ങപ്പുലരിയിൽ സന്നിധാനത്ത് ലക്ഷാർച്ചന നടക്കും. 
ദിവസവും പ്രത്യേക പൂജകൾ ഉൾപ്പെടെ എല്ലാ പൂജകളും നടക്കും. തീർഥാടക തിരക്ക് കണക്കിലെടുത്ത്  ചെങ്ങന്നൂർ, പത്തനംതിട്ട, കുമളി, കൊട്ടാരക്കര, കോട്ടയം തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നായി 40 കെ.എസ്.ആർ.ടി.സി ബസുകൾ പമ്പയ്ക്ക് സർവീസ് നടത്തും. നിലയ്ക്കൽ , പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അധിക പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.  21 ന് രാത്രി 10ന് പൂജകൾ പൂർത്തിയാക്കി നട അടയ്ക്കും.

Post a Comment

Previous Post Next Post