ചന്ദ്രനെ വലം വെച്ചുകൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ പേടകത്തിന്റെ അവസാന ഭ്രമണ പഥം താഴ്ത്തല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ പേടകം ചന്ദ്രന്റെ 150 കിമീx 163 കിമീ പരിധിയിലുള്ള ഭ്രമണ പഥത്തിലെത്തി. വിക്രം ലാൻഡറും പ്രജ്ഞാന്‍ റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യള്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെടുന്ന ഘട്ടമാണ് അടുത്തത്.
നിശ്ചയിച്ചിരുന്ന പോലെ ഭ്രമണ പഥം ക്രമീകരിക്കാന്‍ സാധിച്ചുവെന്നും. ഇതോടെ ഭ്രമണപഥ ക്രമീകരണം പൂര്‍ത്തിയായതായും ഐഎസ്ആര്‍ഒ എക്‌സ് പോസ്റ്റില്‍ (ട്വീറ്റ്) പറഞ്ഞു. ഓഗസ്റ്റ് 17 നാണ് ലാൻഡിങ് മോഡ്യുള്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെടുക. ഇതിന് ശേഷം വീണ്ടും ലാൻഡിങ് മോഡ്യൂളിനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും. ഡീ-ബൂസ്റ്റ് പ്രക്രിയ എന്ന ഈ പ്രക്രിയയിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്കാണ് (30 കിമീ x 100 കിമീ) എത്തിക്കുക.
30 കിമീ ഉയരത്തില്‍ വെച്ച് പേടകത്തിന്റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് ഇതിലെ ഏറ്റവും പ്രധാന ഘട്ടം. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റണം. ഇതിന് ശേഷം ഓഗസ്റ്റ് 23 നാണ് ലാന്റര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക.
ജൂലായ് 14 ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 യുടെ യാത്ര ഇതിനകം 33 ദിവസം പിന്നിട്ടു.
Post a Comment