ഏഴ് വര്‍ഷം തടവും ഒരു ലക്ഷം പിഴയും; ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിക്കുന്നു.

ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതു മാത്രമല്ല, അസഭ്യം പറയുന്നതുൾപ്പെടെ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ഇനി കുറ്റകരമാകും. ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിൽ ഇതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്താനാണു തീരുമാനം. ആരോഗ്യ കേന്ദ്രങ്ങളിലെ അതിക്രമങ്ങളിൽ ജയിൽ ശിക്ഷ കുറഞ്ഞത് 6 മാസവും ഉയർന്നത് 7 വർഷം വരെയുമാകും. നാശനഷ്ടങ്ങൾക്ക് ആറിരട്ടി വരെ പിഴ ഈടാക്കുന്നതും പരിഗണനയിലുണ്ട്. നിലവിൽ 3 വർഷം വരെ തടവും 50,000 രൂപ വരെ പിഴയുമാണു പരമാവധി ശിക്ഷ. നഴ്സിങ് കോളജുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രങ്ങളും നിയമത്തിന്റെ പരിധിയിലാകും.  

നിയമ, ആഭ്യന്തര, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഓർഡിനൻസിന്റെ കരട് നിയമ വകുപ്പിന്റെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും കൂടി അന്തിമ അംഗീകാരത്തോടെയാകും  നാളത്തെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വയ്ക്കുക.

ഓർഡിനൻസിൽ ഉൾപ്പെടുത്താൻ ധാരണയായ മറ്റു നിർദേശങ്ങൾ:

∙ ആരോഗ്യ കേന്ദ്രങ്ങൾക്കും പ്രവർത്തകർക്കുമെതിരായ അതിക്രമങ്ങളിൽ പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണം. അതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ഒരു മാസത്തിനുള്ളിൽ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. ഒരു വർഷത്തിനുള്ളിൽ വിചാരണയും പൂർത്തിയാക്കണം. ഇതിനായി പ്രത്യേക കോടതി സ്ഥാപിക്കുന്നതും പരിഗണിക്കണം. 

∙ ഐഎംഎ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയുടെ കൂടി അടിസ്ഥാനത്തിലാണു ഓർഡിനൻസ് കരടിനു രൂപം നൽകുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്കു 10 വർഷം വരെ തടവുശിക്ഷ വേണമെന്നും ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള സൈബർ അധിക്ഷേപവും നിയമത്തിന്റെ പരിധിയിൽ വരണമെന്നും സംഘടനകൾ ആവശ്യം ഉന്നയിച്ചു.

Post a Comment

Previous Post Next Post